'രണ്ടുമാസമായി കുട്ടിയിൽ അസ്വാഭാവിക മാറ്റം കാണുന്നു; കുഞ്ഞിന് സംസാരിക്കാനായാൽ സത്യം പുറത്ത് വരും'
|ടിജിൻ ഞങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയാണെന്നും സ്മിത പറഞ്ഞു
എറണാകുളം തൃക്കാക്കരയിൽ രണ്ടുവയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി അമ്മയുടെ സഹോദരി സ്മിത. കുട്ടിയെ മർദിച്ചിട്ടില്ല. രണ്ട് മാസമായി കുട്ടിയിൽ അസ്വാഭാവികമായ പെരുമാറ്റം കാണുന്നു. ടിജിൻ ഞങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയാണെന്നും സ്മിത പറഞ്ഞു.
കുട്ടിയുടെ അച്ഛൻ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ടിജിനെതിരെ കള്ളപ്പരാതി നൽകിയതാണ്. മയക്കുമരുന്ന് നൽകിയെന്നു പറഞ്ഞാണ് പരാതി. കുഞ്ഞിന് സംസാരിക്കാനായാൽ സത്യം പുറത്ത് വരുമെന്നും സ്മിത മീഡിയവണിനോട് പറഞ്ഞു.
കുന്തിരിക്കം കത്തിച്ചതിൽ നിന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നും താൻ മർദിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞിരുന്നു. ഒളിവിൽപോയിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ ഇറക്കിയ ഗുണ്ടകളെ പേടിച്ചാണ് മാറിനിൽക്കുന്നതെന്നും ആന്റണി പറഞ്ഞു.
എന്തു പരിശോധനയ്ക്കും ഞാൻ തയാറാണ്. ഞാൻ തൊട്ടിട്ടില്ലെന്ന് കൊച്ച് തന്നെ പറയും. ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. മർദിച്ചെന്ന ആരോപണം പൂർണമായി വ്യാജമാണ്. ഒരു പൂച്ചയെപ്പോലും മർദിക്കാൻ എനിക്ക് കഴിയില്ല. രണ്ട് കൈയിന്റെയും ചുമലുകളിൽ സ്ഥാനംതെറ്റിയ ആളാണ്. ഒരു കിലോ ഭാരം പോലും പൊക്കാനാകില്ല. എന്തെങ്കിലും പൊക്കിയാൽ അപ്പോൾ തന്നെ കൈയിന്റെ സ്ഥാനം തെറ്റുമെന്നും യുവാവ് പറഞ്ഞു.
അതേ സമയം ദേഹമാസകലം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. സ്വന്തം നിലയ്ക്ക് ശ്വസിക്കുന്നതിനാൽ കുട്ടിയെ വെൻറിലേറ്ററിൽ നിന്നും മാറ്റി. കുട്ടി സ്വയം വരുത്തിയ മുറിവുകളാണെന്ന മാതാവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.