എസ്.എൻ കോളേജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിയുടെ പുനഃപരിശോധന ഹരജി ഹൈക്കോടതി തള്ളി
|ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജി തള്ളിയത്
കൊച്ചി: എസ്.എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന്റെ പുനഃപരിശോധന ഹരജി ഹൈക്കോടതി തള്ളി. വിചാരണ തുടരാൻ ഉത്തരവിട്ട വിധിക്കെതിരെയായിരുന്നു ഹരജി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജി തള്ളിയത്.
85 വയസുണ്ടെന്നും അതിനാൽ തന്നെ വിചാരണ തുടരാൻ ഉത്തരവിട്ട വിധി സ്റ്റേ ചെയ്യണമെന്നും ഇനി വിചാരണ തുടരുകയാണെങ്കിൽ തന്നെ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കണമെന്നുമാണ് വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്നാൽ ഈ ഘട്ടത്തിൽ കേസിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. വെള്ളാപ്പള്ളിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ വിചാരണാ കോടതിയെ തന്നെ സമീപിക്കാം. നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകുന്നതെല്ലാം വിചാരണ കോടതിയുടെ അധികാര പരിധിയിൽപ്പെടുന്നതാണ്. അതുകൊണ്ടാണ് കേസിൽ ഇടപെടാൻ തയ്യാറാകാത്തതെന്നും കോടതി വ്യക്തമാക്കി.
തുടർന്നാണ് വെള്ളാപ്പള്ളിയുടെ ഹരജി ഹൈക്കോടതി തള്ളിയത്. ഇനി വെള്ളാപ്പള്ളിക്ക് വേണമെങ്കിൽ വിചാരണ കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കാം. പക്ഷേ വിചാരണ നേരത്തെ തുടങ്ങുകയാണെങ്കിൽ വെള്ളപ്പള്ളി നേരിട്ടി ഹാജരാകേണ്ടിവരും.