മകളെ ശല്യംചെയ്തതു വിലക്കി; പിതാവിനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊല്ലാൻ ശ്രമം- പ്രതി പിടിയിൽ
|തിരുവനന്തപുരം കോടന്നൂർ സ്വദേശി കിച്ചു കുപ്പിയിലാക്കിയ പാമ്പിനെ ജനലിലൂടെ വീട്ടിനകത്തേക്ക് തുറന്നുവിടുകയായിരുന്നു
തിരുവനന്തപുരം: മകളെ ശല്യംചെയ്തതു തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തിൽകാല സ്വദേശി രാജേന്ദ്രനെയാണു കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. സംഭവത്തിൽ പ്രതി കോടന്നൂർ സ്വദേശി കിച്ചു പിടിയിലായി.
ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്കാണു സംഭവം. അമ്പലത്തിൻകാലയിലെ രാജേന്ദ്രന്റെ വീട്ടിലെത്തിയ പ്രതി കുപ്പിയിലാക്കിയ പാമ്പിനെ ജനലിനുള്ളിലൂടെ അകത്തേക്കു തുറന്നുവിടുകയായിരുന്നു. പുലർച്ചെ വീടിന്റെ പുറത്ത് ആൾപെരുമാറ്റം കേട്ട് ഉണർന്നപ്പോഴാണ് സംഭവം രാജേന്ദ്രന്റെ ശ്രദ്ധയിൽപെട്ടത്. പാമ്പിനെ ഉപേക്ഷിച്ച ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പുറത്തുവിട്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. വീട്ടുകാർ നൽകിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി കിച്ചുവിനെ വലയിലാക്കിയത്.
ഒരു വർഷംമുൻപ് രാജേന്ദ്രന്റെ മകളെ പിറകെ നടന്നു ശല്യപ്പെടുത്തിയതിനു കിച്ചുവിനെ തടയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Summary: Accused arrested in attempt to kill the father by a snake biting him in a feud for stopping him from molesting his daughter at Kattakada, Thiruvananthapuram