ബി.ജെ.പിയിൽ ചേരിപ്പോര്; ശോഭയുടെ പ്രചാരണ നോട്ടീസുകൾ വഴിയരികിൽ
|കഴക്കൂട്ടത്ത് വോട്ടുകൾ ചോർന്നുവെന്നാണ് ശോഭാ പക്ഷം ആരോപിക്കുന്നത്
നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് ബി.ജെ.പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ് കൊമ്പ് കോർക്കുന്നത്. കഴക്കൂട്ടത്ത് വോട്ടുകൾ ചോർന്നുവെന്നാണ് ശോഭാ പക്ഷം ആരോപിക്കുന്നത്. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ് ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്. കുമാരപുരം ഭാഗത്താണ് നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ കനത്ത പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ് പുതിയ വിവാദമുയരുന്നത്. വോട്ട് ചോര്‍ച്ചയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. പടിപടിയായി ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ കാഴ്ചയെങ്കില് ഇത്തവണ അതും കുത്തനെ താഴേക്ക് വീണു. ഈ വോട്ടുകള്‍ ആരുടെ പെട്ടിയിലേക്ക് പോയെന്നതിനെ ചൊല്ലിയുള്ള വാഗ് വാദങ്ങളും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.
മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്ഥാന ബി.ജെ.പിയിൽ അസംതൃപ്തരാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന ബി.ജെ.പിയിൽ കലഹങ്ങൾ വീണ്ടും സജീവമാകും.