Kerala
ആർടിപിസിആര്‍ ടെസ്റ്റില്‍ തിരുവനന്തപുരത്ത് പോസിറ്റീവ്; നെടുമ്പാശ്ശേരിയിൽ നെഗറ്റീവ്; സംവിധാനങ്ങളും മനോഭാവവും മാറണമെന്ന് അഷ്‌റഫ് താമരശ്ശേരി
Kerala

''ആർടിപിസിആര്‍ ടെസ്റ്റില്‍ തിരുവനന്തപുരത്ത് പോസിറ്റീവ്; നെടുമ്പാശ്ശേരിയിൽ നെഗറ്റീവ്''; സംവിധാനങ്ങളും മനോഭാവവും മാറണമെന്ന് അഷ്‌റഫ് താമരശ്ശേരി

Web Desk
|
28 Dec 2021 5:05 PM GMT

ഒന്നുകൂടി ടെസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചുനോക്കിയപ്പോൾ ധാർഷ്ട്യം കലർന്ന മറുപടി ഇങ്ങനെയായിരുന്നു: ''ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ടുവന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണ് കുഴപ്പം... ഇവിടെനിന്ന് പൊയ്‌ക്കോ, സമയം കളയാതെ..''

കേരളത്തിലെ ആർടിപിസിആർ പരിശോധനയിലെ അശാസ്ത്രീയതയും സാങ്കേതികപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ഒരേദിവസം ഏഴുമണിക്കൂറിനിടെ രണ്ടിടത്ത് നടത്തിയ കോവിഡ് പരിശോധനയുടെ വ്യത്യസ്ത ഫലങ്ങൾ കാണിച്ചാണ് ആർടിപിസിആറിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിമർശനം.

ഫേസ്ബുക്ക് കുറിപ്പിലാണ് രണ്ടുദിവസം മുൻപ് കേരളത്തിലുണ്ടായ അനുഭവം അഷ്‌റഫ് താമരശ്ശേരി പങ്കുവച്ചത്. നാട്ടിൽനിന്ന് വിദേശത്തേക്ക് മടങ്ങാനായി തിരുവനന്തപുരത്ത് ആർടിപിസിആർ ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് ഫലം ലഭിച്ചത്. 24 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാഫലം നെഗറ്റീവായതിനാൽ ഒരു തവണകൂടി ടെസ്റ്റിന് ആവശ്യപ്പെട്ടെങ്കിലും പരിശോധനാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇതോടൊപ്പം പ്രവാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം പെരുമാറ്റവുമുണ്ടായി. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി പരിശോധിച്ചപ്പോൾ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അഷ്‌റഫ് പറയുന്നു.

അത്യാവശ്യമായി തിരിച്ചെത്തേണ്ട ആവശ്യവും 24 മണിക്കൂർ മുൻപത്തെ ആർടിപിസിആർ ഫലവും കാരണം ഒന്നുകൂടി ടെസ്റ്റ് ചെയ്യാൻ അപേക്ഷിച്ചുനോക്കിയപ്പോൾ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ ധാർഷ്ട്യം കലർന്ന മറുപടി ഇങ്ങനെയായിരുന്നു: ''ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ടുവന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണ് കുഴപ്പം... ഇവിടെനിന്ന് പൊയ്‌ക്കോ, സമയം കളയാതെ..'' ഫേസ്ബുക്ക് കുറിപ്പിൽ അഷ്‌റഫ് പറഞ്ഞു. കേരളത്തിലെ സംവിധാനങ്ങ മനോഭാവവും ഇപ്പോഴും പഴയതു തന്നെയാണെന്നും ഇവ രണ്ടും മാറിയാലേ നമ്മുടെ സമൂഹം രക്ഷപ്പെടുകയുള്ളൂ. ക്വാളിറ്റിയില്ലാത്ത മെഷീനുമായി റാപിഡ് ടെസ്റ്റിനിരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് പോസിറ്റീവാണെന്നു പറഞ്ഞ് ഇവർ തിരിച്ചയക്കുന്നത്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് അവർക്കു സംഭവിക്കുന്നത്. പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അഷ്‌റഫ് താമരശ്ശേരി ആവശ്യപ്പെട്ടു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രണ്ടുദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55ന്(G9447) തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്കുള്ള Air Arabiaയുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുള്ള തയ്യാറെടുപ്പിൽ 2,490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുള്ള വഴിയും കാണിച്ചുതന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് എടുത്ത RTPCRന്റെ Result ആണെങ്കിൽ നെഗറ്റീവും. ഒന്നുംകൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചുനോക്കി. ഒരു രക്ഷയുമില്ലാത്ത മറുപടി. ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ടുവന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം, ഇവിടെ നിന്ന് പൊയ്‌ക്കോ, സമയം കളയാതെ എന്ന ധാർഷ്ട്യം കലർന്ന മറുപടിയും. ടാക്‌സി സ്റ്റാൻഡിൽനിന്ന് ഞാൻ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത്. തീരെ ഒഴിവാക്കുവാൻ കഴിയാത്തതുകൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോടുപോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറഞ്ഞിട്ട് എന്തുകാര്യം.

ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയിനോക്കാം എന്ന് കരുതി തിരുവനന്തപുരത്തുനിന്ന് ടാക്‌സിയിൽ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10ന് കൊച്ചിയിൽനിന്ന് ഷാർജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് onlineലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാൻ കാലംം 4.45ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2,490 രൂപ അടച്ച് Rapid Tetsന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്. നോക്കൂ Trivandrumത്ത്‌നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എന്റെ കോവിഡ് മാറിയോ? വെറും 7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുള്ള മരുന്ന് ഞാൻ കഴിച്ചോ? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്? നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്; അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലേ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം. ഈ Qualtiyയില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ചയക്കുന്നത്. ഇതുമൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ചുനൽകും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാര്യങ്ങൾക്കുനേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

Summary: Social activist Ashraf Thamarassery points out the unscientific and technical issues in the RT-PCR test in Kerala

Similar Posts