Kerala
മലപ്പുറത്ത് എന്തെങ്കിലും നടക്കണമെങ്കില്‍ നാട്ടുകാര്‍ പൈസ കൊടുക്കണോ? പ്രാണവായുവിന് വേണ്ടി പൊതുജനത്തോട് സഹായം തേടിയ കലക്ടറെ പരിഹസിച്ച് സോഷ്യല്‍മീഡിയ
Kerala

മലപ്പുറത്ത് എന്തെങ്കിലും നടക്കണമെങ്കില്‍ നാട്ടുകാര്‍ പൈസ കൊടുക്കണോ? 'പ്രാണവായു'വിന് വേണ്ടി പൊതുജനത്തോട് സഹായം തേടിയ കലക്ടറെ പരിഹസിച്ച് സോഷ്യല്‍മീഡിയ

Web Desk
|
6 July 2021 7:54 AM GMT

സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ നാട്ടിലും സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങാറ്

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൌകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച 'മലപ്പുറത്തിന്‍റെ പ്രാണവായു' പദ്ധതിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളോട് സഹായം തേടിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സംഭാവന നല്‍കാമെന്നും അക്കൌണ്ട് വിവരങ്ങള്‍ പങ്കുവച്ചുമുള്ള കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ നിറയുകയാണ്.

മറ്റ്‌ ജില്ലകളിൽ ഗവ. ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗവ. സ്വന്തം ഫണ്ട്‌ ഉപയോഗിക്കുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം ഗവ. ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ പാവപെട്ട മലപ്പുറം ജില്ലയിലെ ജനങ്ങളുടെ അടുത്ത് നിന്ന് തെരുവിൽ ഭിക്ഷ യാചിച്ചു പിരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശം. മലപ്പുറത്തെ ഇങ്ങനെ പിഴിയരുതെന്നും മലപ്പുറമെന്താ കേരളത്തില്‍ അല്ലേയെന്നും ചിലര്‍ ചോദിക്കുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് എല്ലാ നാട്ടിലും സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ വാങ്ങാറ് . മലപ്പുറത്ത് മാത്രം കലക്ടർമാർ ജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ഉപകരണങ്ങൾ വാങ്ങുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.



കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

മലപ്പുറത്തിന്റെ പ്രാണവായു പദ്ധതിക്ക് തുടക്കമായി. കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്ക് പ്രശസ്ത സിനിമാ താരം ഭരത് മമ്മൂട്ടി തുടക്കം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ച് താരം അഭിപ്രായപ്പെട്ടു. ജനകീയ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുന്ന പ്രാണവായു പദ്ധതിക്ക് സഹായം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് 'പ്രാണവായു' പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും.

ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍. പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ ജില്ലാ കലക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് പ്രാണവായുവിലേക്കുള്ള സഹായധനം കൈമാറാം. അക്കൗണ്ട് നമ്പര്‍: 40186466130. IFSC: SBIN0070507. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288025362, 0483 2734988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയോടൊപ്പം ചേര്‍ന്ന് പ്രകാശനം ചെയ്തു. എ.ഡി.എം എന്‍.എം. മെഹറലി, സബ് കലക്ടര്‍ കെ.എസ്. അഞ്ജു ഐ.എ.എസ്, പുതുതായി ചുമതലയേറ്റ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ്, തിരൂര്‍ സബ് കലക്ടര്‍ സൂരജ് ഷാജി ഐ.എ.എസ്, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസിറുദ്ധീന്‍ ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മലപ്പുറം പ്രസ്‌ക്ലബ് ട്രഷറര്‍ സി.വി. രാജീവ് വിവിധ സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രാണവായുവിലേക്ക് ഇതിനകം സഹായമെത്തിച്ച മങ്കട പി.ടി ഗ്രൂപ്പ് പ്രതിനിധി അബദുല്‍ സലാം, കോട്ടക്കല്‍ സുപ്രീം ഏജന്‍സി പ്രതിനിധി പോക്കര്‍ ഹാജി, അജ്ഫാന്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.




Similar Posts