Kerala
ആറ് മണി വാർത്താസമ്മേളനത്തിനായി കേരളം കൊതിക്കുന്നെന്ന് സുരേന്ദ്രന്‍; മന്‍ കി ബാത്ത് നിര്‍ത്തി മാധ്യമങ്ങളെ കാണാന്‍ മോദിയോട് പറയെന്ന് സോഷ്യല്‍ മീഡിയ
Kerala

ആറ് മണി വാർത്താസമ്മേളനത്തിനായി കേരളം കൊതിക്കുന്നെന്ന് സുരേന്ദ്രന്‍; മന്‍ കി ബാത്ത് നിര്‍ത്തി മാധ്യമങ്ങളെ കാണാന്‍ മോദിയോട് പറയെന്ന് സോഷ്യല്‍ മീഡിയ

Web Desk
|
26 Aug 2021 3:23 PM GMT

ബി.ജെ.പി അധ്യക്ഷന്‍റെ പോസ്റ്റ് ബൂമറാങ് ആയി... മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റില്‍ പ്രധാനമന്ത്രിയെ കൊണ്ടെത്തിച്ചാണ് മലയാളികള്‍ പൊങ്കാല ആഘോഷമാക്കിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റിന് കീഴെ പൊങ്കാലയിട്ട് മലയാളികള്‍. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ഇട്ട പോസ്റ്റാണ് സെല്‍ഫ് ഗോളായി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്‍റെ കുറിപ്പ്. ഒരു ആറുമണി വാര്‍ത്താസമ്മേളനത്തിനായി കേരളം കൊതിക്കുന്നുവെന്നായിരുന്നു പോസ്റ്റ്.

നിയമസഭാ സമ്മേളനം നടന്നതിന് ശേഷം കോവിഡ് കണക്കുകള്‍ അവതരിപ്പിക്കാന്‍ പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടിരുന്നില്ല. സംസ്ഥാനത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എവിടെ എന്ന നിലയ്ക്കാണ് സുരേന്ദ്രന്‍ പരിഹസിച്ചത്.

പക്ഷേ ബി.ജെ.പി അധ്യക്ഷന്‍റെ പോസ്റ്റ് ബൂമറാങ് ആയി മാറി. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റില്‍ പ്രധാനമന്ത്രിയെ കൊണ്ടെത്തിച്ചാണ് മലയാളികള്‍ പൊങ്കാല ആഘോഷമാക്കിയത്. 'മന്‍ കി ബാത്തിലൂടെ റേഡിയോയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാന്‍ പറയൂ..' എന്നിങ്ങനെയായിരുന്നു പോസ്റ്റിനെ താഴെ വന്ന പ്രധാന കമന്‍റുകള്‍


അധികാരത്തിലെത്തിയതിന് ശേഷം ഒരുതവണ മാത്രമാണ് നരേന്ദ്രമോദി പത്രസമ്മേളനം നടത്തിയത്. അതും പ്രധാനമന്ത്രിയായി ഒരു ടേം പൂര്‍ത്തിയാക്കി രാജ്യം അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലായിരുന്നു പത്രസമ്മേളനം. 2019ല്‍ നടന്ന 'വിഖ്യാതമായ' ആ പത്ര സമ്മേളനവും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോദിയുടെ ചരിത്രം കുറിച്ച വാർത്താ സമ്മേളനത്തെ സൈബര്‍ലോകം ട്രോളിക്കൊണ്ടാണ് വരവേറ്റത്. വാർത്ത സമ്മേളനത്തിലുടനീളം അന്നത്തെ ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുടെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു മോദി. ഒരിക്കൽ മാത്രം സംസാരിച്ച മോദി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

പ്രധാനമന്തി പത്രസമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം കാലങ്ങളായി വിമര്‍ശിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി മാധ്യമങ്ങളെ കാണുന്നത്. ആദ്യം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷമാണ് അമിത് ഷായും മോദിയും മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയത്. പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ ഉത്തരം പറയുമെന്നാണ് ഓരോ ചോദ്യങ്ങള്‍ക്കും മോദി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞത്.













Similar Posts