Kerala
മൃദുഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തെക്കാൾ ഭീകരം: എ.കെ ബാലൻ
Kerala

മൃദുഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തെക്കാൾ ഭീകരം: എ.കെ ബാലൻ

Web Desk
|
9 April 2022 6:57 AM GMT

കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾ ചിലർ മാന്തിപ്പുണ്ണാക്കുകയായിരുന്നുവെന്നും ആർക്കും പ്രശ്‌നമില്ലാതെ വിഷയം ഉടൻ പരിഹരിക്കുമെന്നും എ.കെ ബാലൻ

കണ്ണൂർ: മൃദുഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തെക്കാൾ ഭീകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. ബി.ജെ.പിക്കെതിരെ കോൺഗ്രസിന് ബദലാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ നാശമായിരിക്കും. അദ്ദേഹം പാർട്ടി കോൺഗ്രസിൽ വരുന്നത് കോൺഗ്രസിന്റെ നയം വ്യക്തമാക്കാനാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ കോൺഗ്രസിന്റെ നിലപാട് അവതരിപ്പിക്കാനുള്ള അവസരം പോലും ഉപയോഗിക്കാൻ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞാൽ കോൺഗ്രസുകാർക്ക് പോലും അത് ഉൾകൊള്ളാനാവില്ല. അദ്ദേഹം സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സി.പി.എമ്മും വളരെ പോസിറ്റീവായ സമീപനമായിരിക്കും സ്വീകരിക്കുക. സി.പി.എമ്മിലേക്കു വരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്-ബാലൻ പറഞ്ഞു.

കെ.എസ്.ഇ.ബിയെ സംഘടനകൾ നിയന്ത്രിക്കുന്ന അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾ ചിലർ മാന്തിപ്പുണ്ണാക്കി. സി.ഐ.ടി.യു വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രശ്‌നത്തിൽ ഇടപെടും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായും സുരേഷ് കുമാറുമായും ചർച്ച നടത്തിയിട്ടുണ്ട്. ആർക്കും പ്രശ്‌നമില്ലാതെ വിഷയം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Soft Hindutva is worse than hardcore Hindutva, says AK Balan

Related Tags :
Similar Posts