Kerala
മൃദുഹിന്ദുത്വം എന്നത് സി.പി.എം സൃഷ്ടി; എ.കെ ആന്റണിയെ പിന്തുണച്ച് കെ. മുരളീധരൻ
Kerala

മൃദുഹിന്ദുത്വം എന്നത് സി.പി.എം സൃഷ്ടി; എ.കെ ആന്റണിയെ പിന്തുണച്ച് കെ. മുരളീധരൻ

Web Desk
|
29 Dec 2022 5:48 AM GMT

കോൺഗ്രസിന് മൃദുഹിന്ദുത്വമാണെന്ന് ലീഗ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: മൃദുഹിന്ദുത്വം, ന്യൂനപക്ഷ പ്രീണനം തുടങ്ങിയ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതെന്ന് കെ.മുരളീധരൻ എം.പി. മൃദുഹിന്ദുത്വം പോലുള്ള പ്രയോഗങ്ങൾ സി.പി.എം സൃഷ്ടിയാണ്. ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്തണമെന്ന എ.കെ ആന്റണിയുടെ നിലപാട് ശരിയാണ്. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിനെ മൃദുഹിന്ദുത്വമായി വ്യാഖ്യാനിക്കുന്നത് ഹിന്ദുമതത്തെ ബി.ജെ.പിക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്. കോൺഗ്രസിന് മൃദുഹിന്ദുത്വമാണെന്ന് ലീഗ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

സോളാർ കേസ് പിണറായി സർക്കാർ വൃത്തികെട്ട രീതിയിലാണ് അന്വേഷിച്ചത്. സ്വന്തം പൊലീസ് അന്വേഷിച്ചിട്ട് പോലും തെളിയിക്കാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഒന്നും കണ്ടില്ല. എന്നിട്ടാണ് സിബിഐയെ കൊണ്ടുവന്നത്. പലപ്പോഴും സി.ബി.ഐയെ കുറ്റം പറഞ്ഞിട്ട് അതേ സി.ബി.ഐക്ക് കേസ് കൈമാറി. സി.ബി.ഐ അന്വേഷണത്തിലും തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി പൊതുസമൂഹത്തോടെ മാപ്പ് പറയണം. സ്വപ്നയുടെ കേസും സി.ബി.ഐക്ക് കൈമാറണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഇ.പി ജയരാജനെതിരായ സാമ്പത്തികാരോപണം പാർട്ടിക്കുള്ളിലെ സംഭവമായി കാണാനാകില്ല. ഇ.പി.ജയരാജൻ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തു. ഇത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതല്ല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. പി.ജയരാജന്റെ ക്വട്ടേഷൻ സംഘവുമായുള്ള ബന്ധവും അന്വേഷിക്കണം. സി.പി.എമ്മിന് വേണ്ടി പല കൊലപാതകങ്ങളും നടത്തിയത് ക്വട്ടേഷൻ സംഘങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.

കെ.സുധാകരൻ കെ.പി.സി.പി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് പൊതു ആവശ്യം. അത് കെ.പി.സി.സി യോഗം ചർച്ച ചെയ്യും. തനിക്ക് എം.പിയായി തുടരാനാണ് താൽപര്യമെന്നും നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Similar Posts