Kerala
സോളാർ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ
Kerala

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ

Web Desk
|
10 Sep 2023 3:43 AM GMT

കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തി എന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടു പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാളാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നു.

Similar Posts