സോളാര്‍ പീഡന കേസ്; ദല്ലാള്‍ നന്ദകുമാറിന്‍റെ പരാമര്‍ശം സര്‍ക്കാരിനെയും വെട്ടിലാക്കി
|കേസന്വേഷണം സി.ബി.ഐക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന യു.ഡി.എഫ് ആരോപണം ശക്തമാക്കുന്നതിന് ഇത് ഇടയാക്കും
തിരുവനന്തപുരം: സോളാര്‍ പീഡന കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വിട്ടത് സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്ന സി.ബി.ഐ റിപോര്‍ട്ടിലെ ദല്ലാള്‍ നന്ദകുമാറിന്‍റെ പരാമര്‍ശം സര്‍ക്കാരിനെയും വെട്ടിലാക്കി. കേസന്വേഷണം സി.ബി.ഐക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന യു.ഡി.എഫ് ആരോപണം ശക്തമാക്കുന്നതിന് ഇത് ഇടയാക്കും. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്ക് വിട്ടതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതു പ്രകാരം പ്രതിപക്ഷം ഇനി സര്‍ക്കാരിന് രേഖാമൂലം കത്ത് നല്‍കുമോയെന്നതാണ് ചോദ്യം.
പരാതിക്കാരിയുടെ കത്ത് പുറത്ത് വരുന്നത് എല്‍.ഡി.എഫിനെ സഹായിക്കുമെന്നും അതിനായി സി.പി.എം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും നന്ദകുമാര്‍ വിശദീകരിച്ചുവെന്നാണ് സി.ബി.എ റിപോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി പോലീസിന് സമീപിച്ചതും പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും നന്ദകുമാര്‍ പറഞ്ഞിട്ടാണെന്നും സി.ബി.ഐ റിപോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനായി പരാതിക്കാരിക്ക് അനുമതി എടുത്ത് നല്‍കിയതും നന്ദകുമാറാണെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപോര്‍ട്ടിലെ ഈ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി നിയമസഭയില്‍ നിഷേധിച്ചെങ്കിലും പ്രതിപക്ഷത്തിന് മികച്ച ആയുധമാണ്. മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ ഗൂഢോലചന ആരോപിക്കാന്‍ പ്രതിപക്ഷത്തെ സഹായിക്കുന്നതും റിപോര്‍ട്ടിലെ ഈ വാചകങ്ങളാണ്. സി.ബി.ഐ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന സി.ബി.ഐയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇനിയും ശക്തിപ്പെടുത്തിയേക്കാം.