സോളാർ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന: ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
|സോളാർ പരാതിക്കാരിയും കെ.ബി ഗണേശ് കുമാറും അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു
കൊല്ലം: സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്ന ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കോടതി എടുത്തിരുന്നു. 21 പേജുള്ള കത്താണ് ജയിലിൽ വച്ച് കൈമാറിയതെന്ന് ഫെനി മൊഴിനൽകി.
സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചര്‍ച്ചയായത്. സോളാർ പരാതിക്കാരിയും കെ.ബി ഗണേശ് കുമാർ എം.എൽ.എയും അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
Summary: The plea that former Kerala CM Oommen Chandy's name was added through conspiracy in the solar harassment complaint will be heard again today.