പുരപ്പുറ സോളാര്‍ പദ്ധതി: ഇളവുകള്‍ നിലനിര്‍ത്തി വൈദ്യുത റഗുലേറ്ററി കമ്മിഷന്‍
|ഉപഭോക്താക്കളുടെ ആശങ്ക മീഡിയവണ്‍ വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് കമ്മിഷന്‍ പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന ഭേദഗതി ചട്ടത്തില്‍ മാറ്റം വരുത്തിയത്
തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിക്കുണ്ടായിരുന്ന ഇളവുകള്‍ നിലനിര്‍ത്തി സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ പുതിയ വിജ്ഞാപനമിറക്കി. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശകള്‍ കമ്മിഷന്‍ തത്കാലം അംഗീകരിച്ചില്ല. ഉപഭോക്താക്കളുടെ ആശങ്ക മീഡിയവണ്‍ വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് കമ്മിഷന്‍ പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന ഭേദഗതി ചട്ടത്തില്‍ മാറ്റം വരുത്തിയത്. മീഡിയവൺ ഇംപാക്ട്.
500 കിലോവാട്ടിന് മുകളില്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലെ നെറ്റ് മീറ്റര്‍ റീഡിങ് മാറ്റി പകരം ഗ്രോസ് മീറ്റര്‍ റീഡിങ് നടപ്പിലാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ശിപാര്‍ശ. ഈ രീതി വന്നാല്‍ സാധാരണ കെഎസ്ഇബി ഉപഭോക്താവിനെ പോലെ സൌരോര്‍ജ ഉടമയും കെഎസ്ഇബിയുടെ മുഴുവന്‍ വൈദ്യുതി ബില്ലും അടക്കേണ്ടി വരും. സബ്സിഡി ലഭിക്കില്ല. ബോര്‍ഡിന് വില്‍ക്കുന്ന വൈദ്യുതിക്കുള്ള നിരക്കും കുറയും. ഇത് പ്രതിഷേധത്തിനിടയാക്കി. ഈ മാസം 11ന് എറണാകുളത്ത് നടന്ന കമ്മിഷന്‍റെ ഹിയറിങില്‍ മീഡിയവണ്‍ വാര്‍ത്ത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സോളാര്‍ ഉടമകള്‍ കെ.എസ്.ഇ.ബിയുടെ ശിപാര്‍ശകളെ എതിര്‍ത്തത്.
പിന്നാലെ കമ്മിഷന്‍ പുതിയ വിജ്ഞാപനമിറക്കി. 500 കിലോ വാട്ട് എന്നത് 1 മെഗാ വാട്ട് ആയി ഉയര്‍ത്തി. 1 മെഗാ വാട്ട് വരെ ഗ്രോസ് മീറ്റര്‍ റീഡിങ് തത്കാലം വേണ്ടെന്നും നെറ്റ് മീറ്റര്‍ റീഡിങ് മതിയെന്നും തീരുമാനിച്ചു. അതിനോടൊപ്പം അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് അല്ലാതെ മൂന്നാമതൊരാള്‍ക്ക് വില്‍ക്കാനുള്ള വ്യവസ്ഥയും കൊണ്ടുവന്നു. സോളാര്‍ ഉടമകള്‍ക്ക് ഇത് വലിയ ഗുണം ചെയ്യുന്നതാണ്.