നിക്ഷേപിച്ച പണം ലഭിച്ചില്ല; സൈനികന് മകളുടെ കല്യാണം മാറ്റിവെക്കേണ്ടിവന്നത് രണ്ട് തവണ
|കണ്ടല സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ രാജേന്ദ്രകുമാറിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചുലഭിക്കാത്തതോടെ സൈനികന് തന്റെ മകളുടെ കല്യാണം മാറ്റിവെക്കേണ്ടിവന്നത് രണ്ട് തവണ. രാജ്യത്തിന്റെ അതിർത്തി കാത്ത സൈനികന് മകളുടെ കല്യാണം നടത്താൻ സഹകരണ ബാങ്കിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. പതിനാറ് ലക്ഷം രൂപയിൽ രണ്ട് ലക്ഷം മാത്രമാണ് അഞ്ചുതെങ്ങുമൂട് സ്വദേശിക്ക് ബാങ്കിൽ നിന്ന് തിരിച്ചുകിട്ടിയത്.
കണ്ടല സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട് കാരണം കാട്ടക്കട അഞ്ചുതെങ്ങുമൂട് സ്വദേശിയായ സൈനികന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കോടികളുടെ തട്ടിപ്പ് ബാങ്കിൽ നടന്നതറിഞ്ഞ് നെഞ്ചുതകർന്നിരിക്കുകയാണ് സൈനികനായ രാജേന്ദ്രകുമാർ.രാജ്യം കാത്ത സൈനികന് കഷ്ടപ്പെട്ട് സമ്പാദിച്ച പണം സംരക്ഷിക്കാൻ കഴിഞ്ഞില്ലലോയെന്ന ബുദ്ധുമുട്ടും ഇദ്ദേഹത്തിനുണ്ട്.
രണ്ടായിരത്തിപത്തിൽ നിക്ഷേപിച്ച തുക പതിമൂന്ന് വർഷത്തിനിപ്പുറം പലിശയടക്കം പതിനാറ് ലക്ഷത്തോളമുണ്ട്. ഇതിൽ കല്യാണ ആവശ്യത്തിനായി പണം എടുക്കാൻ തുടങ്ങിയപ്പോൾ അത്രയും തുക നൽകാനാകില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു. നിരന്തരമായി ബാങ്കിനെ സമീപിച്ചതോടെ രണ്ട് ലക്ഷം രൂപ നൽകി. ബാക്കി പിന്നീട് നൽകാമെന്ന് അറിയിച്ചു. അതിനിടയിലാണ് തട്ടിപ്പ് വിവരം പുറത്തിറിഞ്ഞതെന്ന് രാജേന്ദ്രകുമാർ പറഞ്ഞു. രണ്ട് തവണ മാറ്റിവെച്ച മകളുടെ വിവാഹം അടുത്ത ഏപ്രിലിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പെങ്കിലും തന്റെ ആയുഷ്കാല സമ്പാദ്യമായ തുക തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയിലാണ് രണ്ട് പെൺകുട്ടികളുടെ പിതാവായ ഈ സൈനികൻ.