'നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാല് ചില ബില്ലുകളിൽ ഒപ്പിടില്ല'; സർക്കാറിന് ഗവർണറുടെ മറുപടി
|നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഒപ്പിടാത്തത് ഓർമ്മിപ്പിച്ച് ഗവർണർക്ക് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി കത്തയച്ചിരിന്നു. ആദ്യം കത്ത് ഗൌനിക്കാതിരുന്ന ഗവർണർ കഴിഞ്ഞ ദിവസം മറുപടി നൽകിയത്
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചില ബില്ലുകളിൽ ഒപ്പിടില്ലെന്ന് സർക്കാറിന് ഗവർണറുടെ മറുപടി. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലെന്ന്ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബില്ലുകളിൽ ഒപ്പിട്ടില്ലെന്ന്ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി അയച്ച കത്തിനാണ് ഗവർണറുടെ മറുപടി. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഒപ്പിടാത്തത് ഓർമ്മിപ്പിച്ച് ഗവർണർക്ക് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി കത്തയച്ചിരിന്നു. ആദ്യം കത്ത് ഗൌനിക്കാതിരുന്ന ഗവർണർ കഴിഞ്ഞ ദിവസം മറുപടി നൽകി. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തിനാലും സംശയങ്ങൾ ഉള്ളത് കൊണ്ടുമാണ് ഒപ്പിടാത്തതെന്നാണ് ഗവർണറുടെ വിശദീകരണം.
സംസ്ഥാനത്തിൻറെ നിയമസഭയുടേയും അധികാരപരിധി മറികടന്ന് കൊണ്ടുള്ള ബില്ലുകളിൽ ഒപ്പ് വെയ്ക്കാനുള്ള ബുദ്ധിമുട്ടും ഗവർണർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില ബില്ലുകളിൽ വ്യക്തത ആവശ്യമുള്ളത് കൊണ്ട് മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണമെന്ന് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരിന്നു. ഇത് പാലിക്കാത്തതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ് ഭവനിൽ എത്തിയ ചീഫ് സെക്രട്ടറിയെ ഗവർണർ അറിയിച്ചു.
മാസത്തിൽ ഒരിക്കലെങ്കിലും മുഖ്യമന്ത്രി നേരിട്ടെത്തി ഭരണകാര്യങ്ങൾ അറിയാക്കാത്തതിലും ഗവർണർക്ക് പരാതിയുണ്ട്. ഭരണകാര്യങ്ങൾ മന്ത്രിമാരും അറിയിക്കുന്നില്ല. തുടർച്ചയായി ആശയവിനിമയം നടക്കാത്തത് മൂലമാണ് തെറ്റ്ധാരണകൾ ഉണ്ടാകുന്നതെന്നാണ് ഗവർണർ പറയുന്നത്. മന്ത്രിമാർ രാജ് ഭവനിൽ എത്തുമ്പോൾ വകുപ്പ് സെക്രട്ടറിമാർക്ക് പകരം പ്രൈവറ്റ് സെക്രട്ടറിമാരെ കൂടെ കൂട്ടുന്നതിലും ഗവർണർ പരാതി ഉന്നയിച്ചിട്ടുണ്ട്.