Kerala
MT Vasudevan Nairs remarks,Pinarayi Vijayan,KLF,MT Vasudevan Nair,ep jayarajan,എം.ടി വാസുദേവന്‍ നായര്‍,കെ.എല്‍.എഫ്,മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

'എം.ടി മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആക്ഷേപിക്കില്ല, വിമർശനം ഫാസിസ്റ്റ് പ്രവണതക്കെതിരെ'; ഇ.പി ജയരാജന്‍

Web Desk
|
12 Jan 2024 5:20 AM GMT

എംടിയുടേത് പല്ലുള്ള രാഷ്ട്രീയ വിമർശനമെന്ന് ഗീവർഗീസ് കൂറിലോസ്‌

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരുടെ പരാമർശം മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യം വച്ചല്ല പ്രസ്താവനയെന്ന് എം.ടി തന്നെ പറഞ്ഞിട്ടുണ്ട്. വേണ്ടാത്ത വിവാദത്തിലേക്ക് എംടിയെ വലിച്ചിഴക്കുന്നുവെന്നും കേന്ദ്രത്തിനെതിരായ വിമർശനമായിട്ടാണ് തനിക്ക് തോന്നിയതെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

'കേന്ദ്രത്തിനെതിരായ വിമർശനമായിട്ടാണ് എനിക്ക് തോന്നിയത്. ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെയായിരുന്നു പ്രതികരണം. നേതൃപൂജയെ ഏറ്റവും കൂടുതൽ എതിർക്കുന്നത് സിപിഎമ്മാണ്. എല്ലാ കാലങ്ങളിലും സിപിഎം അതിനെ എതിർത്തിട്ടുണ്ട്. വിവിധ രംഗത്ത് ഉള്ളവരുടെ കഴിവുകളെ എതിർക്കുന്നില്ല. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹത്തെയും കേരളത്തെയും എം.ടി അപമാനിക്കില്ല.എന്നാല്‍ ഇത് മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നു'. ഇ.പി ജയരാജന്‍ പറഞ്ഞു.

ബിജെപി സർക്കാരിനും പ്രധാനമന്ത്രിക്ക് എതിരെയായിരുന്നു പ്രസംഗം എന്നാണ് തനിക്ക് തോന്നിയത്. ഇടതുപക്ഷ വിരുദ്ധരാണ് പ്രസംഗം തങ്ങൾക്കെതിരാണെന്ന് വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു.ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഇ.എം.എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല, കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണമെന്നും എം.ടി പറഞ്ഞു.

അതേസമയം, എം.ടി.വാസുദേവൻ നായരുടെ ഭരണകൂട വിമർശനത്തിന് പിന്തുണയേറുന്നു. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള രാഷ്ട്രീയ വിമർശനമെന്ന് ഗീവർഗീസ് കൂറിലോസ് പറഞ്ഞു.എം.ടി വാസുദേവൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് വിമർശിച്ചതെന്നും വായിക്കുന്നവർക്ക് കാര്യം മനസ്സിലാകുമെന്നും കെ. മുരളീധരൻ എം.പിയും പറഞ്ഞു.


Similar Posts