പതിറ്റാണ്ടുകൾക്ക് ശേഷം സോണിയ കേരളത്തിലേക്ക്
|സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ഒരുമിച്ച് വയനാട് എത്തുന്നതും ആദ്യമായാണ്.
വയനാട്: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തുമ്പോൾ കൂടെ അമ്മയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ സോണിയ ഗാന്ധിയുമുണ്ടാകും. പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ഒരുമിച്ച് വയനാട് എത്തുന്നതും ആദ്യമായാണ്.
ആരോഗ്യപ്രശ്നങ്ങളും കോവിഡ് കാലവും കഴിഞ്ഞ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു സോണിയ ഗാന്ധി കേരളത്തിലെത്തുന്നത്. രാഹുൽ ഗാന്ധി 2014 ൽ നാമനിർദേശ പത്രിക സമർപ്പികുമ്പോൾ സോണിയ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും തിരക്കുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു . 2019 ലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ സോണിയ ഗാന്ധി പ്രചാരണത്തിന് എത്തിയില്ല . ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്ന ഇടങ്ങളിൽ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സോണിയ ഗാന്ധിയുടെ പതിവ്. രാഹുലും പ്രിയങ്കയും പാർട്ടി നേതൃസ്ഥാനങ്ങളിൽ എത്തിയപ്പോൾ പൊതുപരിപാടികളിൽ നിന്നും സോണിയ ഗാന്ധി മെല്ലെ പിൻവാങ്ങുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ് പ്രചാരണത്തിൽ വിട്ടുനിന്നിരുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചപ്പോൾ ബാംഗ്ലൂരിലെത്തിയാണ് സോണിയ ഗാന്ധി അന്തിമോപചാരം അർപ്പിച്ചത്. സോണിയ, പ്രിയങ്ക, രാഹുൽ എന്നിവർ ഒരുമിച്ചു ഒടുവിൽ ഡൽഹിക്ക് പുറത്തു പോയത് ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ റായ്ബറേലിയിൽ രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴായിരുന്നു. യുപിയിലെ കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ റായ്ബറേലി സോണിയ ഗാന്ധി ഒഴിയുകയും ഇവിടെ രാഹുൽ ഗാന്ധി മത്സരിക്കുകയും ചെയ്തപ്പോഴാണ് മൂവരും ഒരുമിച്ച് എത്തിയത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ അന്തരിച്ചപ്പോൾ സോണിയ ഗാന്ധി തിരുവന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് വയനാടിൽ എത്തുന്ന സോണിയ ഗാന്ധി നാളെ മടങ്ങും.