Kerala
റേഞ്ചില്ലാത്തതിനാല്‍ പഠനം മുടങ്ങില്ല; വയനാട്ടില്‍ മൊബൈൽ ടവർ സ്ഥാപിക്കാമെന്ന് സോനു സൂദ്
Kerala

റേഞ്ചില്ലാത്തതിനാല്‍ പഠനം മുടങ്ങില്ല; വയനാട്ടില്‍ മൊബൈൽ ടവർ സ്ഥാപിക്കാമെന്ന് സോനു സൂദ്

Web Desk
|
1 July 2021 3:00 PM GMT

വയനാട്ടിലെ തിരുനെല്ലിയിലാണ് മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതു കാരണം നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നത്. വീടുകളിൽ റേഞ്ചില്ലാത്തതുകാരണം കി.മീറ്ററുകളോളം താണ്ടി പൊതുനിരത്തിലെത്തിയാണ് പലരും ദിവസവും ക്ലാസിൽ പങ്കെടുക്കുന്നത്

ഇന്ത്യയുടെ ഏതുഭാഗത്തുമാകട്ടെ, ആരുമൊരു പ്രശ്‌നം നേരിടുന്നെങ്കിൽ അതിനു പരിഹാരം കൈയിലുള്ള ഒരാൾ ഇപ്പോൾ രാജ്യത്തുണ്ട്. മറ്റാരുമല്ല, ബോളിവുഡ് നടൻ സോനു സൂദ്. വില്ലനായും സ്വഭാവനടനായുമെല്ലാം ആരാധകഹൃദയങ്ങളിൽ ഇടംപിടിച്ച താരം പക്ഷെ ഇപ്പോൾ രാജ്യത്തിന്റെ മൊത്തം ഹൃദയം കവരുന്നത് മറ്റുചില ഇടപെടലുകളിലൂടെയാണ്. കോവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കിയതിനു പിറകെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായും സാമൂഹിക ഇടപെടലുകളുമായും നിറഞ്ഞുനിൽക്കുകയാണ് സോനു സൂദ്.

ഏറ്റവുമൊടുവിൽ കേരളത്തിലൊരു അടിയന്തര പ്രശ്‌നത്തിലാണ് താരം ഇടപെട്ടിരിക്കുന്നത്. സംസ്ഥാനത്തെ മലയോര പ്രദേശമായ വയനാട്ടിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം സ്‌കൂൾ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾക്കു സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോനു സൂദ്. മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. കോവിഡിനെത്തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ വിദ്യാഭ്യാസക്രമത്തിൽ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് താരത്തിന്റെ ഇടപെടൽ.

വയനാട്ടിലെ തിരുനെല്ലിയിലാണ് ഇന്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതു കാരണം നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നത്. വീടുകളിൽ റേഞ്ചില്ലാത്തതുകാരണം കി.മീറ്ററുകളോളം താണ്ടി പൊതുനിരത്തിലെത്തിയാണ് പലരും ദിവസവും ക്ലാസിൽ പങ്കെടുക്കുന്നത്. പ്രദേശത്തെ റേഞ്ച് ലഭിക്കുന്ന ഭാഗമായ റോഡിന്റെ ഇരുവശത്തുമിരുന്നാണ് വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നത്.

പൂർണമായും വനപ്രദേശമായ മറ്റു ചില മേഖലയിൽ കാടും മേടും കയറി റേഞ്ചുള്ള ഭാഗത്ത് ഒരു താർപായകൊണ്ട് താൽക്കാലിക ഷെഡ് കെട്ടിയാണ് സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിനെത്തുന്നത്. ദിവസവും ഇത്രയും ദൂരം കുന്നുകയറുന്നതിന്റെ പ്രയാസത്തിനു പുറമെ ചുറ്റുമുള്ള വന്യജീവികളെക്കൂടി ഭയന്നു വേണം ഇവിടെയിരുന്ന് ക്ലാസിൽ പങ്കെടുക്കാൻ. നിർധനരായ ഈ നാട്ടുകാർക്ക് ആൻഡ്രോയ്ഡ് ഫോണുകൾ തന്നെ ആലോചിക്കാനാകാത്തതാണ്. അപ്പോഴാണ് ഫോൺ സ്വന്തമായുള്ളവർ തന്നെ കണക്ഷൻ പ്രശ്‌നം നേരിടുന്നത്. ആദിവാസി, ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് ഈ ഡിജിറ്റൽ വിഭജനത്തിന്റെ പ്രധാന ഇരകൾ.

പ്രദേശത്തെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇവിടെ മൊബൈൽ ടവർ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് സോനു സൂദ്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്. ''ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരു സംഘത്തെ അയക്കുന്ന കാര്യം കേരളത്തിലെ വയനാട്ടിലുള്ള എല്ലാവരോടും പറയുക'' റിപ്പോർട്ടറെ ടാഗ് ചെയ്ത് സോനു സൂദ് ട്വീറ്റ് ചെയ്തു.

വിഷത്തിൽ വയനാട് പാർലമെന്റംഗം രാഹുൽ ഗാന്ധിയും ഇടപെട്ടിട്ടുണ്ട്. വയനാട്ടിലെ മലയോര മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് രാഹുൽ ഗാന്ധി കത്തെഴുതിയിട്ടുണ്ട്.

Similar Posts