Column
Speaker AN Shamseer about assembly book festival
Column

പുസ്തകോത്സവത്തിന്റെ വിജയത്തിൽ വിറളിപൂണ്ട ചിലർ മഹത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നു: സ്പീക്കർ

Web Desk
|
7 Nov 2023 2:24 PM GMT

ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിൽ എത്തുമ്പോൾ സ്റ്റാളുകളുടെയും പ്രസാധകരുടെയും പങ്കാളിത്തത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: പുസ്തകോത്സവത്തിന്റെ വിജയത്തിൽ വിറളിപൂണ്ട ചിലർ ഈ പരിപാടിയുടെ മഹത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുകകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കുറഞ്ഞത് അഞ്ച് കോടി രൂപയുടെ വിൽപ്പന ഉറപ്പുനൽകുന്ന പുസ്തകോത്സവമാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. ഇത്തരത്തിലെരു പുസ്തകോത്സവം ഇന്ന് രാജ്യത്തില്ല. എന്നിട്ടും ഇവിടെ വിൽപന നടക്കുന്നില്ലെന്ന് പറഞ്ഞുപരത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിൽ എത്തുമ്പോൾ സ്റ്റാളുകളുടെയും പ്രസാധകരുടെയും പങ്കാളിത്തത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് സ്പീക്കർ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി അനന്തപുരിയിലെത്തിയ കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ജനങ്ങൾ പുസ്തകോത്സവത്തിലും പങ്കെടുത്തത് ഗുണം ചെയ്തു. നിയമസഭയിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിച്ച കലാപരിപാടികളും പ്രശ്‌നോത്തരികളും സംവാദങ്ങളും ഒക്കെ ശ്രദ്ധിക്കപ്പെട്ടു. നിയമനിർമാണ സഭയുടെ വേദിയിൽ 207 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മാത്രമല്ല വിദ്യാർത്ഥികൾക്ക് ഉൾപ്പടെ നിയമസഭാ കാണാനും പഠിക്കാനുമുള്ള അവസരം ഒരുക്കിയത് കെ.എൽ.ഐ.ബി.എഫിന്റെ വിജയമാണ്. പുസ്തകോത്സവത്തിനെ വൻ വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച എല്ലാവരെയും സ്പീക്കർ അഭിനന്ദിച്ചു.

അക്ഷരമാണ് ശക്തിയെന്നും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്താൻ സാധിച്ചത് പുസ്തകോത്സവത്തിന്റെ വിജയമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഓരോ വ്യക്തിയെയും നവീകരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സംവദിക്കാനുമുള്ള അവസരം കൂടിയാണ് പുസ്തകോത്സവം. സ്വതന്ത്രമായി ചിന്തിക്കാനും വർത്തമാനം പറയാനും എഴുതാനുമുള്ള അന്തരീക്ഷമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. സമൂഹത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഗ്രന്ഥശാലകളും സഹകരണ മേഖലകളും. ഇവയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന അവസരത്തിലാണ് കേരള നിയമസഭ പുസ്തകോത്സവം സംഘടിപ്പിച്ചത്. പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഇതിലും മികച്ചതാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ സന്ദേശം ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ വായിച്ചു. തുടർന്ന് ശശി തരൂർ എം.പി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എന്നിവർ ആശംസയർപ്പിച്ചു. കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്ന കൂടുതൽ പ്രവർത്തനങ്ങൾ ഇവിടെയുണ്ടാകണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. വായിക്കുന്ന ജനപ്രതിനിധികളെയാണ് സമൂഹത്തിന് ആവശ്യമെന്ന് പറഞ്ഞ അദ്ദേഹം പുസ്തകോത്സവത്തിന്റെ വരും പതിപ്പുകൾക്കും എല്ലാ പിന്തുണയും ഉറപ്പ് നൽകി. ഒരു സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി ഇത്രയേറെ ജനങ്ങളെ നിയമസഭയിലെത്തിച്ച ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു.

പുതിയ തലമുറയെ കൂടുതലായി വായനയിലേക്ക് ആകർഷിക്കാൻ നിയമസഭ പുസ്തകോത്സവത്തിന് സാധിച്ചതായി ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ഒരു പിഴവുമില്ലാത്ത മികച്ച സംഘാടനമാണ് പുസ്തകോത്സവത്തിന്റെ വിജയം. ഒരുപാടു പുതിയ എഴുത്തുകാർക്ക് സാഹിത്യത്തിലേക്ക് കടന്നുവരാനുള്ള വേദിയാണ് ഇവിടെ ഒരുങ്ങിയത്. നിയമസഭ അങ്കണത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിലെ ബഹുജന പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവ വേദിയിൽ പ്രസാധകർ നിർദേശിച്ച മുപ്പതോളം പുസ്തക ചർച്ചകളാണ് നടത്തിയതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പുസ്തകോത്സവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പ്രസാധകരാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭ പുസ്തകോത്സവത്തിനായി ലോഗോ തയ്യാറാക്കിയ ജി.വി.എച്.എസ്.എസ് അമ്പലത്തറ, കാഞ്ഞങ്ങാട് സ്‌കൂളിലെ അധ്യാപകൻ കെ.കെ ഷിബിൻ, കെഎൽഐബിഎൽ രണ്ടാം പതിപ്പിന്റെ തീം സോങ് ഒരുക്കിയ ഡോ.പ്രസീത, അഖിലൻ ചെറുകോട് എന്നിവർക്കുള്ള ഉപഹാരം ശശി തരൂർ എം.പി സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായ പ്രസാധകർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

Similar Posts