മലബാർ പോരാട്ടത്തിന്റെ നൂറാണ്ട്; മുസ്ലിം ലീഗ് പരിപാടി സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും
|ഓഗസ്റ്റ് 25 ന് വൈകുന്നേരം നാലു മണിക്കാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന മലബാര്‍ സമരത്തിന്റെ ഓര്മ പുതുക്കി മുസ്ലിം ലീഗ്. 1921 ലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന അത്യുജ്ജ്വല പോരാട്ടത്തിൽ ധീര ദേശാഭിമാനികൾ നടത്തിയ ചെറുത്ത് നിൽപ്പിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഈ മാസം 25ന് കേരള നിയമസഭ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര സമര ചരിത്രത്തിൽ യുദ്ധം എന്ന് രേഖപ്പെടുത്തപ്പെട്ട പോരാട്ടത്തിന്റെ ഓർമ്മകൾ നിലനില്‍ക്കുന്ന പൂക്കോട്ടൂരിലാണ് മുസ്ലിം ലീഗിന്റെ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 1921 ലെ ധീരവീരസ്മരണകൾക്ക് ഒരു നൂറ്റാണ്ട് തികയുന്നതിൻ്റെ ഭാഗമായാണ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാരിൽ ജീവിച്ചിരിപ്പുള്ള വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 25 ന് വൈകുന്നേരം നാലു മണിക്ക് സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പരിപാടിയിൽ ചരിത്രകാരന്മാരും മറ്റ് നേതാക്കളും ഓൺലൈനിലാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.