Kerala
മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് - സ്പീക്കർ
Kerala

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് - സ്പീക്കർ

Web Desk
|
31 Jan 2022 12:32 PM GMT

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ്. മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്. മാധ്യമങ്ങളെ പ്രലോഭനവും സമ്മർദ്ദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.തത്സമയ സംപ്രേഷണം ഉടൻ പുനരാരംഭിക്കും. ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.

സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഹരജി വീണ്ടും പരിഗണിക്കാൻ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.

Similar Posts