മാറ്റത്തിന്റെ പാതയ്ക്കായി കനല്‍വഴികള്‍ താണ്ടിയ ധീരവനിത; ഗൗരി അമ്മയെ അനുസ്മരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ
|'അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും എക്കാലത്തും ആവേശമായിരുന്നു'
ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വ്യക്തിപരമായി ഏറെ സ്നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മയെന്നും അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും എക്കാലത്തും ആവേശമായിരുന്നുവെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ മാറ്റത്തിന്റെ പാതയൊരുക്കാന്‍ കനല്‍വഴികള്‍ താണ്ടിയ ആ ധീരവനിതയാണ് ഗൗരി അമ്മ. അവരോടു കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്. കേരള നിയമസഭ ഗൗരി അമ്മക്ക് ആദരമർപ്പിക്കുമ്പോൾ സ്പീക്കറായിരിക്കാൻ കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അദ്ദേഹം കുറിച്ചു. Webഗൗരിയമ്മയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിന്റെ സമരനായിക കെ.ആർ. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ...
കേരള രാഷ്ട്രീയത്തിൽ എനിക്ക് വ്യക്തിപരമായി ഏറെ സ്നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മ. അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയുമൊക്കെ എക്കാലത്തും എനിക്ക് ആവേശവും പ്രചോദനവുമായിരുന്നു.
ഗൗരിയമ്മയ്ക്ക് നൂറ് വയസ്സായ വർഷം, നിയമസഭയുടെ ചോദ്യോത്തരവേള കഴിഞ്ഞ സമയത്ത് ഞാൻ തന്നെയാണ് അക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്.
കേരളത്തിൽ മാറ്റത്തിന്റെ പാതയൊരുക്കാന്‍ കനല്‍വഴികള്‍ താണ്ടിയ ആ ധീരവനിതയ്ക്ക് അന്ന് കേരള നിയമസഭ ആദരമർപ്പിക്കുമ്പോൾ സ്പീക്കറായിരിക്കാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. അവരോടു കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്.
വിപ്ലവത്തിന്റെ അഗ്നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന വിശേഷണം ഗൗരിയമ്മയ്ക്ക് അക്ഷരാർത്ഥത്തിൽ ചേരുന്നതാണ് എന്ന് എപ്പോഴും തോന്നാറുണ്ട്.
കഴിഞ്ഞ വർഷം സഭാ ടിവി പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ തന്നെ കെ.ആർ. ഗൗരിയമ്മയുമായി ഒരു അഭിമുഖ സംഭാഷണം സംപ്രേഷണം ചെയ്യുകയുണ്ടായി. അതങ്ങനെ ആകാതെ തരമില്ലല്ലോ! കേരള നിയമസഭയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ പ്രഥമ സ്മരണീയരായ വ്യക്തികളിൽ ഒരാളാണ് ഗൗരിയമ്മ. അന്ന് അഭിമുഖത്തിൽ അവർ പറഞ്ഞു - ജീവിതം തന്നെ സമരമായിരുന്നു എന്ന്.
നൂറ് വയസ്സ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു.
നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളിൽ ഒരാൾ... വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി...
തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെൺ പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി...
1948ലെ തിരുവിതാംകൂറിലെ, പ്രായപൂർത്തിവോട്ടവകാശം നടപ്പിലാക്കിയ ആദ്യത്തെ തെരഞ്ഞെടുപ്പിൽ, ഗൗരിയമ്മ ജയിക്കുമ്പോൾ അവർക്കു വെറും 28 വയസ്സു മാത്രമത്രേ പ്രായം.
പാർട്ടിയുടെ പിളർപ്പിൽ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി മറിഞ്ഞപ്പോഴും അവർ തന്റെ ശക്തമായ നിലപാടുകളിൽ ഉറച്ചു നിന്നു. അവർക്ക് രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും ഭിന്നങ്ങളായിരുന്നില്ല.
കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെന്നും അവർ പ്രചോദനവും മാതൃകയുമായിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല, കേരള ജനതയ്ക്കാകെ അവരെന്നും അഭിമാനമായിരുന്നു.