Kerala
ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
Kerala

ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

Web Desk
|
19 Oct 2021 3:37 PM GMT

പുറത്ത് നിന്ന് വരുന്നവര്‍ ക്യാമ്പിലെ അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പുറത്ത് നിന്ന് വരുന്നവര്‍ ക്യാമ്പിലെ അംഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. പ്രായമായവരേയും കുട്ടികളേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്യാമ്പുകളോടുമനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. ക്യാമ്പിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കുന്നതാണ്. ക്യാമ്പിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റൈനില്‍ കഴിയണം. ക്യാമ്പുകളിലുള്ള എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മാസ്‌ക് ഈ സമയത്ത് വളരെയേറെ സംരക്ഷണം നല്‍കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

കൈ വൃത്തിയാക്കാതെ ഒരു കാരണവശാലും വായ്, മൂക്ക്, കണ്ണ് എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റി കൂട്ടത്തോടെയിരുന്ന് കഴിക്കരുത്. പല പ്രാവശ്യമായി അകലത്തിലിരുന്ന് ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് പതപ്പിച്ച് കഴുകിയ ശേഷം ഉപയോഗിക്കുക. കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗികള്‍ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവര്‍ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കുക. ഇവരുമായി ഇടപഴകുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. കുട്ടികള്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലാത്താതിനാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts