വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ; കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വനംമന്ത്രി
|രണ്ട് സംസ്ഥാനങ്ങൾ ചേർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ: വയനാട്ടിൽ കാട്ടാനയാക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ഇന്റർസ്റ്റേറ്റ് കോ-ഓഡിനേറ്റഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വന്യജീവി ആക്രമണങ്ങളിൽ എന്തൊക്കെ പുതുതായി ചെയ്യാൻ കഴിയും എന്നതാണ് ഉന്നതല യോഗത്തിൽ ചർച്ചയായതെന്ന് മന്ത്രി പറഞ്ഞു. "രണ്ട് സംസ്ഥാനങ്ങൾ ചേർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഇന്റർ സ്റ്റേറ്റ് കോഡിനേഷൻ കമ്മറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. 15നകം തന്നെ അത്തരം ഒരു കമ്മിറ്റി രൂപീകരിച്ച് യോഗം ചേരും. മൂന്ന് വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് മനമുക്കിൽ സ്പെഷ്യൽ സെൽ ആരംഭിക്കും. വയനാട്ടിൽ സ്പെഷ്യലായി രണ്ട് ആർ.ആർ.ടി കൂടി രൂപീകരിക്കും. 170 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയോഗിക്കും" മന്ത്രി വ്യക്തമാക്കി.
ആനയുടെ റേഡിയോ കോളറിൽ നിന്ന് സംസ്ഥാനത്തിന് നേരിട്ട് സിഗ്നൽ ലഭിക്കാനുള്ള സൗകര്യമില്ല. റേഡിയോ കോളർ ഘടിപ്പിച്ച എത്ര ആനകൾ കർണാടക - തമിഴ്നാട് അതിർത്തിയിൽ ഉണ്ടെന്നത് അറിയില്ലെന്നും മന്ത്രി പറഞ്ഞു. മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർണാടകയ്ക്ക് വീഴ്ചയുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല. അന്തർസംസ്ഥാന വിഷയമായതുകൊണ്ട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
മാനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ കർണാടക വനാതിർത്തിയിലെ ചേലൂർ മണ്ണുണ്ടിക്ക് സമീപം ആനയുണ്ടെന്നാണ് സൂചന. കാടുകയറിയാലും ദൗത്യം ഉപേക്ഷിക്കില്ലെന്നും മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റുമെന്നും വനം വകുപ്പ് അറിയിച്ചു. കുംകിയാനകെളെ കർണാടക- കേരള അതിർത്തിയായ ബാവേലിയിൽ എത്തിച്ചു. ആനയെ പിടികൂടുന്നത് വൈകിയാൽ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതികരണം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും.