കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക്; വെളിപ്പെടുത്തല്‍ പരിശോധിച്ച ശേഷം കോടതിയെ സമീപിക്കും
|അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്
തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക് കടക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തുടരന്വേഷണത്തിൽ കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം.
ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് അനുമതി നേടിയ ശേഷമായിരിക്കും തുടർനടപടിയിലേക്ക് കടക്കുക. ഒരുതവണ കുറ്റപത്രം സമർപ്പിച്ച കേസ് ആയതിനാൽ കോടതിയുടെ അനുമതി നേടിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാവൂ. അനുമതി ലഭിച്ചാൽ എത്രയും വേഗം സതീശിന്റെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. മുൻപ് കേസ് അന്വേഷിച്ച അതേ സംഘത്തെ തന്നെയാണ് തുടരന്വേഷണത്തിനും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുള്ളത്.
വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശിന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തലവന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. സതീശിന്റെ മൊഴി പരിശോധിച്ച ശേഷം കോടതിയെ സമീപിച്ചാൽ മതിയെന്നാണ് ഡിജിപി നൽകിയ നിർദേശം.
കൊടകരയിലെ കുഴലിന്റെ അറ്റം കണ്ടെത്താൻ വീണ്ടും തയാറെടുക്കുന്ന പൊലീസിന് മുൻപിൽ ആകെയുള്ള വഴി ബിജെപി മുൻ തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശാണ്. വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കാൻ സതീശ് തയാറായാൽ, മൊഴി ആവർത്തിച്ചാൽ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം. ഈ മാസം 13ന് വോട്ടെടുപ്പ് ആയതിനാൽ അടിയന്തര പ്രാധാന്യത്തോടെ സതീശിന്റെ മൊഴി രേഖപ്പെടുത്താനാണ് ആദ്യ പൊലീസ് നീക്കം.
തുടരന്വേഷണം ഔദ്യോഗികമായി ആരംഭിക്കാത്തതിനാൽ നോട്ടീസ് നൽകി സതീശിന്റെ മൊഴിയെടുക്കുന്നതിൽ സാങ്കേതികപ്രശ്നം നിലനിൽക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വി.കെ രാജു രഹസ്യമായി സതീശിനെക്കണ്ട് മൊഴിയെടുക്കാനാണ് നിലവിൽ ആലോചിക്കുന്നത്. ഈ മൊഴിയിൽ വെളിപ്പെടുത്തലിൽ പറഞ്ഞ കാര്യങ്ങൾ സതീശ് ആവർത്തിച്ചാൽ ഉടൻ തന്നെ തുടരന്വേഷണാവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹരജി വിചാരണക്കോടതിയായ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ നൽകും.
പുതിയ വെളിപ്പെടുത്തൽ ചൂണ്ടിക്കാണിക്കുന്നതിനാൽ ആവശ്യം തള്ളില്ലെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം. ഇഡി അന്വേഷണം എവിടെയും എത്തിയില്ലെന്ന കാര്യവും കോടതിയെ അറിയിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
Summary: A special investigation team will soon take further action in the Kodakara hawala case