സർവീസ് സംബന്ധമായ പരാതികൾ നൽകാൻ പൊലീസിൽ പ്രത്യേക സംവിധാനം
|ഈ സംവിധാനത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാം
തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സർവീസ് സംബന്ധമായ പരാതികൾ നൽകുന്നതിന് പ്രത്യേക സംവിധാനം നിലവിൽ വന്നു. പൊലീസിൻറെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ ഇൻറേണൽ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റത്തിൽ പുതുതായി ചേർത്ത ഗ്രിവൻസസ് എന്ന മെനുവിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാം.
ശമ്പളം, പെൻഷൻ, അച്ചടക്ക നടപടി, ശമ്പള നിർണയം, വായ്പകൾ, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സർവീസ് സംബന്ധമായ മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ ഇതിലൂടെ നൽകാം. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാനാകും. പൊലീസ് ഉദ്യോഗസ്ഥർക്ക് നിലവിലുളള ഐഎപിഎസ് (iAPS) അക്കൗണ്ട് ലോഗിൻ ചെയ്ത് പേഴ്‌സൺ മെനു ക്ലിക്ക് ചെയ്ത് ഗ്രിവൻസസ് സംവിധാനം ഉപയോഗിക്കാം.
ജില്ലാ പൊലീസ് ഓഫീസുകളിൽ മാനേജർമാരും മറ്റ് പൊലീസ് ഓഫീസുകളിൽ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവൻസസ് സംവിധാനത്തിൻറെ മേൽനോട്ടം നിർവഹിക്കും.