പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു; മൊഴിയെടുക്കൽ തുടരുന്നു
|മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു
എറണാകുളം: സിനിമാ താരങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു. തങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി കൂട്ടിച്ചേർത്തു.
സംഭവത്തിൽ നടിയുടെ മൊഴിയെടുക്കൽ തുടരുകയാണ്. ഏഴ് പരാതികളാണ് ഇവർ ഉന്നയിച്ചിട്ടുള്ളത്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ നടന്മാരടക്കമുള്ളവർക്കെതിരെയാണ് ഇവരുടെ പരാതി.
നടൻ സിദ്ദിഖിനെതിരായ പരാതിയിലും ഇരയുടെ മൊഴിയെടുക്കൽ തുടരുകയാണ്. യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.