മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം
|ഖനനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തിരുവനന്തപുരം പാലോട് മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ് നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഖനനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിനാലാണ് സ്പെഷ്യൽ ടീമിനെ നിയോഗിച്ചത്. മുമ്പ് വൈഡൂര്യ ഖനനം നടത്തി പിടിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പലരെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരറിയാതെ ആർക്കും മണച്ചാലയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന ആക്ഷേപം വ്യാപകമാണ്.
ഖനനം പുറത്തായ പിന്നാലെ പെരിങ്ങമല സെക്ഷൻ ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലോട് പോലീസും സമാന്തരമായി അന്വഷണം നടത്തുകയാണ്.