മാനസയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം; രാഖിലിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും
|രാഖിലിന് തോക്ക് ലഭിച്ചതിന്‍റെ ഉറവിടം കണ്ടെത്താൻ സംഘം കണ്ണൂരിലെത്തി
കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രാഖിലിന് തോക്ക് ലഭിച്ചതിന്‍റെ ഉറവിടം കണ്ടെത്താൻ സംഘം കണ്ണൂരിലെത്തി. രാഖിലിന്‍റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ബാലിസ്റ്റിക് വിദഗ്ധർ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും.
അതേസമയം ഗുരുതരമായ കാര്യമാണെന്ന് ബന്ധുക്കളാരും അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്‍റെ സഹോദരന്‍ വിജയൻ പറഞ്ഞു. മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. അപ്പോഴും ഇത്രയും ഗുരുതമായ പ്രശ്നമാണെന്ന് കരുതിയില്ല. രാഖിലിനെ കുടുംബക്കാർക്ക് അറിയില്ലായിരുന്നെന്നും പിതാവിന്‍റെ സഹോദരൻ പറഞ്ഞു.
മാനസയുടെയും രാഖിലിന്‍റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷമാകും മെഡിക്കൽ കോളേജിലേക്ക് മാറ്റുക.