മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് വ്യക്തമാക്കുന്നില്ല; ചോദ്യങ്ങൾക്ക് വിചിത്ര മറുപടിയുമായി സർക്കാർ
|'ക്ലിഫ് ഹൗസിൽ സ്ഥാപിച്ച ക്യാമറകളുടെ എണ്ണമോ വിലയോ അറിയില്ല'
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് എത്രയെന്ന് പറയാതെ സർക്കാർ. വിവരങ്ങൾ ലഭ്യമല്ലെന്നാണ് ആഭ്യന്തര വകുപ്പും പൊലീസ് ആസ്ഥാനവും പറയുന്നത്. ക്ലിഫ് ഹൗസിൽ സ്ഥാപിച്ച ക്യാമറകളുടെ എണ്ണമോ വിലയോ അറിയില്ല. ക്യാമറ വാങ്ങിയ കമ്പനിയും വ്യവസ്ഥകളും എന്തൊക്കെയാണെന്ന ചോദ്യത്തിനും വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി.
അതീവ സുരക്ഷയിൽ മുഖ്യമന്ത്രിയ്ക്കൊപ്പം നീങ്ങുന്ന ഈ വാഹന വ്യൂഹത്തിൽ എത്ര വാഹനങ്ങളുണ്ടെന്നും പൊലീസ് ആസ്ഥാനത്തിന് അറിയില്ല. ഈ വാഹനത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം സംബന്ധിച്ചും വിവരം ലഭ്യമല്ലെന്നാണ് പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക മറുപടി. മാത്രമല്ല ക്ലിഫ് ഹൗസിൽ എത്ര സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഡൽഹി കേരള ഹൗസിലെ സുരക്ഷയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന ചോദ്യത്തിന് അതീവ രഹസ്യ സ്വഭാവമുള്ളതിനാൽ വിവരം ലഭ്യമാക്കാൻ കഴിയില്ലെന്നാണ് മറുപടി.