സ്പീഡ് ഗവർണർ പ്രവർത്തനരഹിതം: കോഴിക്കോട് അഞ്ച് ബസുകൾക്ക് സ്‌റ്റോപ് മെമ്മോ
|നിയമലംഘനം നടത്തിയ ബസുകൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
കോഴിക്കോട്: കോഴിക്കോട് മാവൂർ റൂട്ടിലോടുന്ന അഞ്ച് ബസുകൾക്ക് സ്‌റ്റോപ് മെമ്മോ നൽകി മോട്ടോർ വാഹന വകുപ്പ്. ബസുകളിലെ സ്പീഡ് ഗവർണർ പ്രവർത്തിക്കാത്തതിനെത്തുടർന്നാണ് നടപടി.
ഇന്ന് രാവിലെ മുതലാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. ഇരുപതിലധികം ബസുകളിൽ ഗുരുതര ക്രമക്കേടുകൾ ആർടിഒ കണ്ടെത്തിയിട്ടുണ്ട്. എയർഹോൾ ഘടിപ്പിക്കുക, വാതിൽ അടയ്ക്കാതിരിക്കുക, കുട്ടികളെ കയറ്റാതിരിക്കുക,അമിത വേഗം തുടങ്ങി കാര്യങ്ങളിലാണ് ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയ ബസുകൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ ആർടിഒ സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം നടത്തിയ പരിശോധനയിൽ കോഴിക്കോട് നഗരത്തിൽ 113 പെറ്റിക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. പല ഭാഗങ്ങളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.ടൂറിസ്റ്റ്,സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധനയുടെ ഭാഗമായാണ് നടപടി. ഇരുന്നൂറിലേറെ ബസുകളാണ് രണ്ട് ദിവസത്തിനിടെ പരിശോധിച്ചത്. ആകെ മൂന്ന് ലക്ഷത്തോളം രൂപ പിഴ ഈടാക്കി. അന്തർ സംസ്ഥാന ബസുകളും വിവിധ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇടുക്കിയിൽ ആറ് ബസുകൾക്കെതിരെ കേസ് എടുത്തു. നിയമലംഘനം നടത്തിയാൽ ബസ്സിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.