സ്‌പൈസസ് ബോർഡ് നിയമന തട്ടിപ്പ്: അഖിൽ സജീവും യുവമോർച്ചാ നേതാവും തട്ടിയെടുത്തത് ലക്ഷങ്ങൾ
|യുവമോർച്ച കോന്നി മണ്ഡലം വൈസ് പ്രസിഡന്റായ രാജേഷ് ഒളിവിലാണ്
പത്തനംതിട്ട: നിയമനക്കോഴ വിവാദത്തിൽ മുഖ്യപ്രതി അഖിൽ സജീവും കൂട്ടാളിയായ യുവമോർച്ചാ നേതാവ് രാജേഷും നടത്തിയ സ്‌പൈസസ് ബോർഡ് നിയമന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇരുവരും നിയമനത്തട്ടിപ്പിൽ തട്ടിയെടുത്തത് ലക്ഷണങ്ങളാണെന്ന് പൊലീസ് പറയുന്നു.
ഈ മാസം ഒന്നിനാണ് അഖിൽ സജീവിനെയും രാജേഷിനെയും പ്രതി ചേർത്ത് എഫ്.ഐ.ആർ തയ്യാറാക്കിയത്. സ്‌പൈസ് ബോർഡ് നിയമന തട്ടിപ്പിൽ രണ്ടാം പ്രതിയാണ് രാജേഷ്. നാലര ലക്ഷം രൂപയോളം ഇരുവരും തട്ടിയെടുത്തെന്നാണ് പരാതി. യുവമോർച്ച കോന്നി മണ്ഡലം വൈസ് പ്രസിഡന്റായ രാജേഷ് 91,000 രൂപയും അഖിൽ സജീവിന് രണ്ടരലക്ഷം രൂപയും കൈമാറിയെന്നാണ് പരാതി. ഇതിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ രാജേഷിനെതിരായ തുടർ നടപടികളിലേക്ക് കടക്കുകയൊള്ളൂ. രാജേഷിന്റെ മൊബൈൽ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറയുന്നു.
അതേസമയം, അഖിൽ സജീവനെ ഇന്ന് പത്തനംതിട്ട സിജിഎം കോടതിയിൽ ഹാജരാക്കി.റിമാൻഡ് റിപ്പോർട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. കേസിൽ ഹരിദാസൻ തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരായേക്കും.