Kerala
സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ്; അഖിൽ സജീവ് നേരത്തെയും വ്യാജരേഖ നിർമിച്ചു
Kerala

സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ്; അഖിൽ സജീവ് നേരത്തെയും വ്യാജരേഖ നിർമിച്ചു

Web Desk
|
8 Oct 2023 12:08 PM GMT

ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ പേരിലുള്ള അപ്പോയിന്റ് ഓർഡറും പരാതിക്കാരന് അഖിൽ സജീവ് നൽകി

പത്തനംതിട്ട: സ്പൈസസ് ബോർഡ് നിയമനത്തട്ടിപ്പിനായി അഖിൽ സജീവ് തയ്യാറാക്കിയ വ്യാജ രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. വ്യാജ അപോയിൻമെന്റ് ഓർഡർ നിർമ്മിച്ചത് അഖിൽ സജീവാണെന്ന് പരാതിക്കാരൻ അനി പറഞ്ഞു. സ്പൈസസ് ബോർഡിൽ നിയമനം നൽകാൻ ആദ്യം കൊല്ലം എസ്.എൻ ട്രസ്റ്റ് ഓഫ് എജുക്കേഷൻ ജോലിയിൽ കയറണമെന്ന് വിശ്വസിപ്പിച്ചതായും പരാതിക്കാരൻ ആരോപിച്ചു. ഇതിനായി ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ പേരിലുള്ള അപ്പോയിന്റ് ഓർഡറും പരാതിക്കാരനായ അനിക്ക് നൽകി. എന്നാൽ അങ്ങനെയൊരു സ്ഥാപനം കൊല്ലത്ത് പ്രവർത്തിക്കുന്നില്ല. സ്പൈസസ് ബോർഡിന്റെ പേരിൽ നിരവധി ഇമെയിലുകൾ വന്നിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.

നിയമനക്കോഴ വിവാദത്തിൽ കൂട്ടാളിയായ യുവമോർച്ചാ നേതാവ് രാജേഷ് സ്പൈസസ് ബോർഡിൽ അം​ഗമാണെന്ന് കാണിക്കുന്ന രേഖകളും പരാതിക്കാരന് നൽകിയിട്ടുണ്ട്. കൂടാതെ രാജേഷിനെ കൊണ്ട് അനിയെ പലതവണ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. പണം നൽകിയ ശേഷം അഖിലിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായതും പരാതി നൽകുന്നതും.

നിയമനക്കോഴ വിവാദത്തിൽ മുഖ്യപ്രതി അഖിൽ സജീവും കൂട്ടാളിയായ യുവമോർച്ചാ നേതാവ് രാജേഷും നടത്തിയ നിയമന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവരും നിയമനത്തട്ടിപ്പിൽ തട്ടിയെടുത്തത് ലക്ഷണങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് അഖിൽ സജീവിനെയും രാജേഷിനെയും പ്രതി ചേർത്ത് എഫ്.ഐ.ആർ തയ്യാറാക്കിയത്. നിയമന തട്ടിപ്പിൽ രണ്ടാം പ്രതിയാണ് രാജേഷ്.

Similar Posts