Kerala
reji cherian
Kerala

പിസി ചാക്കോയ്ക്ക് ഒപ്പം നിന്നവർ യുഡിഎഫിലേക്ക്; എൻസിപി കേരള ഘടകത്തിൽ പിളർപ്പ്

Web Desk
|
12 July 2024 9:33 AM GMT

എൻ സി പി നേതാവ് റെജി ചെറിയാന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു

ആലപ്പുഴ: കേരളത്തിൽ എൻസിപിയിൽ നിന്ന് ഒരുവിഭാഗം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് പോകുന്നു. എൻ സി പി നേതാവ് റെജി ചെറിയാന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു. ലയന സമ്മേളനം അടുത്ത മാസം ആലപ്പുഴയിൽ നടത്തും. പി സി ചാക്കോക്കൊപ്പം നിന്നവരാണ് പാർട്ടി വിട്ടത്.

എൻപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് റെജി ചെറിയാൻ. അദ്ദേഹത്തിനൊപ്പം സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമടക്കമാണ് പാർട്ടി വിടുന്നത്. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം പിജെ ജോസഫുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായും റെജി ചെറിയാൻ പറഞ്ഞു. വാർത്താസമ്മേളനം നടത്തിയാണ് വിവരം റെജി ചെറിയാൻ അറിയിച്ചത്.

എൻസിപി കേരളത്തിൽ പലരുടെയും സ്വന്തം പാർട്ടിയായി മാറി. പിസി ചാക്കോ അദ്ദേഹത്തിന്റെ പാർട്ടിയാക്കിയും, തോമസ് കെ തോമസ് അദ്ദേഹത്തിന്റെയും സഹോദരന്റെയും പാർട്ടിയാണിതെന്നും മറ്റാർക്കും അവകാശമില്ലെന്നും വാദം ഉന്നയിച്ചിരുന്നു. അതിനാൽ എൻസിപിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം സാധ്യമല്ലെന്നും യുഡിഎഫിനൊപ്പം നിൽക്കുന്ന പിജെ ജോസഫ് വിഭാഗത്തിനൊപ്പം പോവുകയാണെന്നുമാണ് വാർത്താ സമ്മേളനത്തിൽ റെജി ചെറിയാൻ പറഞ്ഞത്.

നിലവിൽ യാതൊരു ഉപാധികളും വെച്ചിട്ടില്ലെന്നും കുട്ടനാട് അടക്കമുള്ള ഒരു നിയമസഭാ സീറ്റിലും അവകാശം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts