Kerala
ഒരു മഹതി പൊലീസിനെതിരെ സംസാരിച്ചു, വിധവയായത് അവരുടെ വിധി; കെ.കെ രമയെ അധിക്ഷേപിച്ച് എം.എം മണി
Kerala

'ഒരു മഹതി പൊലീസിനെതിരെ സംസാരിച്ചു, വിധവയായത് അവരുടെ വിധി'; കെ.കെ രമയെ അധിക്ഷേപിച്ച് എം.എം മണി

Web Desk
|
14 July 2022 1:48 PM GMT

എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു

തിരുവനന്തപുരം: വടകര എം.എൽഎ കെ.കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് മുൻമന്ത്രി എം.എം മണി. 'ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല'- എം.എം മണി നിയമസഭയിൽ പറഞ്ഞു. പൊലീസിനെതിരെ കെ.കെ രമ വിമർശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മോശം പരാമർശം.

എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. പരാമർശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം. ''കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.'' എം എം മണി പറഞ്ഞു.

കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയിൽ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts