കാലവധി തീരും മുമ്പേ മേഴ്സിക്കുട്ടൻ രാജിവച്ചു; യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
|കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മേഴ്സിക്കുട്ടൻ രാജിവെച്ചത്
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്സിക്കുട്ടൻ രാജിവെച്ചു. കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ആവശ്യപ്രകാരമാണ് രാജി. സർക്കാരുമായുളള ഭിന്നതയെത്തുടർന്ന് മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. യു. ഷറഫലി സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കും.
വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ സി.പി.എം ആവശ്യപ്പെട്ടിരുന്നു. കായിക മന്ത്രി വി അബ്ദുറഹിമാനുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്. കായികതാരം തന്നെ സ്പോർടസ് കൗൺസിലിന്റെ തലപ്പത്തുണ്ടാവണം എന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു നിയമനം. എന്നാൽ പദവിയിൽ കാര്യമായ പേര് നേടിയെടുക്കാൻ മേഴ്സിക്കുട്ടന്‍ സാധിച്ചിരുന്നില്ല. നിലവിലെ കായികമന്ത്രി വി.അബ്ദുറഹിമാനുമായി യോജിച്ചുപോകാൻ കഴിയാതിരുന്നതും ചർച്ചയായിരുന്നു.
കായികതാരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സൗകര്യങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. താരങ്ങൾക്ക് പണം കൊടുക്കാതെ സർക്കാർ എന്തു ചെയ്യുകയാണെന്നതടക്കം വിമർശനമുയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്കെതിരെ മേഴ്സിക്കുട്ടൻ പരസ്യമായി രംഗത്തെത്തി. ഇതോടെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു.
Sports Council President Mercy Kuttan has resigned