ഏപ്രിൽ പകുതിയായിട്ടും മാർച്ചിലെ ശമ്പളമില്ല: സ്പോർട്ട്സ് കൗൺസിൽ ജീവനക്കാർ ദുരിതത്തിൽ
|പ്ലാൻ ഫണ്ട് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് സ്പോർട്സ് കൗൺസിലിന്റെ വിശദീകരണം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോട്സ് കൗൺസിൽ ജീവനക്കാർക്ക് വിഷു ആവാറായിട്ടും മാർച്ചിലെ ശമ്പളം ലഭിച്ചില്ല. 150ലധികം സ്ഥിരം ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നത്. പ്ലാൻ ഫണ്ട് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് സ്പോർട്സ് കൌൺസിലിന്റെ വിശദീകരണം.
ഏപ്രിൽ ആദ്യവാരം ലഭിക്കേണ്ട ശമ്പളമാണ് മാസം പകുതിയായിട്ടും ലഭിക്കാത്തത്. ജീവനക്കാർ പ്രതിഷേധമറിയിച്ചിട്ടും സർക്കാരിൽ നിന്നോ , വകുപ്പുമന്ത്രിയിൽ നിന്നോ ,കൗൺസിൽ പ്രസിഡന്റിൽ നിന്നോ കൃത്യമായി മറുപടി ലഭിച്ചിട്ടില്ല.
ചെയ്ത ജോലിയുടെ കൂലി കിട്ടാൻ എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് ജീവനക്കാർ ഉന്നയിക്കുന്നത്. ഈസ്റ്ററിനോടനുബന്ധിച്ചെങ്കിലും ശമ്പളം കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും വിഷു എത്തിയിട്ടും വേതനമില്ലെന്ന് ജീവനക്കാർ പറയുന്നു. സ്ഥിരം ജീവനക്കാർക്കുപുറമെ താൽക്കാലീക ജീവനക്കാരുടെയും നില ഇതു തന്നെയാണ്. തുച്ഛവേദനം വാങ്ങുന്ന കൗൺസിലിലെ പാചക തൊഴിലാളികൾ, വാച്ചർമാർ തുടങ്ങിയവരും പട്ടിണിയിലാണ്.