പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളിമോഷണം: ജീവനക്കാർ നൽകിയതെന്ന് പ്രതികൾ, മോഷണവിവരം അറിഞ്ഞത് രണ്ടുദിവസത്തിന് ശേഷം
|പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു. മോഷണ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു. ഹരിയാന സ്വദേശികളായ മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
ഗണേഷ് ത്സാ എന്ന പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. മൂവരെയും ഫോർട്ട് പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു. അതേസമയം ക്ഷേത്രത്തിലെ ജീവനക്കാരാണ് ഉരുളി നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഉരുളിയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ഏറ്റവും സുരക്ഷാമേഖലയായ ക്ഷേത്രത്തിൽ എങ്ങനെ ഇത്തരമൊരു മോഷണം നടന്നുവെന്നതിൽ വ്യക്തതയില്ല.സംഭവവുമായി ബന്ധപ്പെട്ട് മോഷണ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്
രണ്ട് ദിവസത്തിന് ശേഷമാണ് ക്ഷേത്രം അധികൃതർ മോഷണവിവരം അറിയുന്നത്. അതേസമയം ഭക്തനായ താൻ പൂജാമുറിയിൽ സൂക്ഷിക്കുന്നതിനായാണ് ഉരുളികൊണ്ടുവന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇവർ ഉരുളി പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.