'സാഹിത്യ അക്കാദമി പകപോക്കുകയാണ്, ഇനി പാട്ട് നൽകില്ല'; വിമർശനം കടുപ്പിച്ച് ശ്രീകുമാരൻ തമ്പി
|പാട്ടെഴുതാൻ സച്ചിദാനന്ദനെ താൻ വെല്ലുവിളിക്കുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി സെക്രട്ടറിക്കെതിരെ വിമർശനം കടുപ്പിച്ച് ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു. സാഹിത്യ അക്കാദമിയെ താൻ നേരത്തെ വിമർശിച്ചിരുന്നു. അതിന് പകപ്പോക്കുകയാണ്. സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നൽകില്ലെന്നും ശ്രീകുമാരൻ തമ്പി മീഡിയവണിനോട് പറഞ്ഞു. പാട്ട് മാറ്റിയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ വരികൾ മാറ്റിയെഴുതി. അക്കാദമി സെക്രട്ടറി അബൂബക്കർ പിന്നീട് ബന്ധപ്പെട്ടില്ല. സച്ചിദാനന്ദനെ പാട്ടെഴുതാൻ താൻ വെല്ലുവിളിക്കുന്നെന്നും തന്റെ പാട്ട് ഇനി ജനങ്ങളുടെ പാട്ടാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
"സാഹിത്യ അക്കാദമിക്ക് താൻ തുറന്ന് പറയുന്നത് ഇഷ്ടപ്പെടുന്നില്ല. ഇത് ബോധപൂർവമായ നീക്കം തന്നെയാണ്. ഇതിന് പിന്നിൽ മന്ത്രിസഭയോ സർക്കാരോ ഉണ്ട് എന്ന് ഉദ്ദേശിക്കുന്നില്ല. സച്ചിദാനന്ദനും അബൂബക്കറും മാത്രമാണ്. ഞാൻ കമ്മ്യൂണിസ്റ്റ് വിരോധിയല്ല. സത്യം പറയാൻ ആഗ്രഹിക്കുന്ന ആളാണ്" ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. മുസ്‍ലിംകൾക്ക് രാജ്യത്ത് ജീവിക്കാൻ കഴിയുന്നില്ല എന്ന് സച്ചിദാനന്ദൻ കവിതയെഴുതി, കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. അക്കാദമിക്കെതിരായി ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണെന്നും ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി.
അതേസമയം, ശ്രീകുമാരൻ തമ്പിക്ക് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ രംഗത്തെത്തി. കേരളഗാനം തെരഞ്ഞെടുത്തിട്ടില്ല. ശ്രീകുമാരൻ തമ്പിയോടും മറ്റ് ചിലരോടും പാട്ട് ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ അക്കാദമി തീരുമാനമെടുത്തിട്ടില്ല. സർക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സി.പി അബൂബക്കർ പറഞ്ഞു. ശ്രീകുമാരന്‍ തമ്പിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല. സാഹിത്യ രചന വിലയിരുത്തുന്നതില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും സി.പി.അബൂബക്കര്‍ പറഞ്ഞു. അവാർഡ് കിട്ടാത്തതിന്റെ വിഷമം ചില എഴുത്തുകാർക്ക് ഉണ്ടാകും. എന്നാൽ, അവാർഡ് തീരുമാനിക്കുന്നത് സെക്രട്ടറിയും ചെയർമാനുമൊന്നുമല്ലെന്നും അബൂബക്കർ കൂട്ടിച്ചേർത്തു.
കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തുവന്നതിന് പിന്നാലെയാണ് ശ്രീകുമാരൻ തമ്പി ദുരനുഭവം വെളിപ്പെടുത്തിയത്. കേരള സർക്കാരിന് ഒരു കേരള ഗാനം എഴുതി നൽകാൻ അക്കാദമി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഗാനമെഴുതിയശേഷം അത് സ്വീകരിച്ചോ ഇല്ലയോ എന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും താൻ അപമാനിക്കപ്പെട്ടതിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നുമാണ് ശ്രീകുമാരൻ തമ്പി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്.