Kerala
ശ്രീ എം ആചാരസന്ന്യാസി മാത്രമല്ല, യോഗാചാര്യൻ കൂടിയാണ്-മുഖ്യമന്ത്രി
Kerala

ശ്രീ എം ആചാരസന്ന്യാസി മാത്രമല്ല, യോഗാചാര്യൻ കൂടിയാണ്-മുഖ്യമന്ത്രി

Web Desk
|
4 Jan 2022 12:23 PM GMT

യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഉന്മേഷം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാൻ ശ്രമിക്കുന്ന സംഘടന എന്ന നിലയ്ക്കാണ് കേരള സർക്കാർ സത്സംഗ് ഫൗണ്ടേഷന് യോഗവിദ്യാ കേന്ദ്രം ആരംഭിക്കാനായി ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയന്‍

ആചാരസന്ന്യാസി മാത്രമല്ല യോഗാചാര്യൻ കൂടിയാണ് ശ്രീ എം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീ എമ്മിനെപ്പോലെയുള്ള ആചാര്യന്മാർ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നുത് മാതൃകാപരമാണ്. യോഗയെ ചില പ്രത്യേക മതവിഭാഗത്തിന്റേതുമാത്രമായി ചുരുക്കാനുള്ള ശ്രമമുണ്ട്. യോഗയെ മതനിരപേക്ഷമായി നിലനിർത്താൻ ശ്രമിക്കുന്നയാളാണ് ശ്രീ എം എന്നും അദ്ദേഹം പറഞ്ഞു.

പത്മഭൂഷൺ ലഭിച്ച ശ്രീ എമ്മിന് തിരുവനന്തപുരം പൗരാവലി ഒരുക്കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം ലോകത്തിനു സംഭാവന ചെയ്ത യോഗ ഒരുകൂട്ടരുടെ മാത്രമല്ല. മറിച്ച് എല്ലാവരുടേതുമാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന സത്സംഗ് ഫൗണ്ടേഷനെ നയിക്കുന്നത് ശ്രീ എം ആണ്. യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ഉന്മേഷം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാൻ ശ്രമിക്കുന്ന സംഘടന എന്ന നിലയ്ക്കാണ് കേരള സർക്കാർ സത്സംഗ് ഫൗണ്ടേഷന് യോഗവിദ്യാ കേന്ദ്രം ആരംഭിക്കാനായി ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ശ്രീ എമ്മിന്റെ പ്രവർത്തനങ്ങളെ രാജ്യം ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷം

കേരളത്തിന്റെ ആത്മീയചരിത്രം വ്യത്യസ്തമാണ്. സഹജീവികളിൽ ഈശ്വരനെ കാണുന്നതാണ് ആത്മീയത. ഭൗതികലോകത്തെ പ്രവൃത്തികൾക്കുള്ള ശിക്ഷ മറ്റൊരു ലോകത്ത് ലഭ്യമാകുമെന്ന വ്യാജബോധം സൃഷ്ടിക്കുകയും തിന്മകളോട് പ്രതികരിക്കാതിരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന രീതിയാണ് ഒരു വിഭാഗം പിന്തുടരുന്നത്. എന്നാൽ, ഭൗതികലോകത്തെ കൂടുതൽ സഹജാവബോധമുള്ളതായി മാറ്റിത്തീർത്ത് ഈ തിന്മകളെ ഇല്ലാതാക്കുക എന്നതാണ് കൂടുതൽ ശരിയായ പ്രവൃത്തി. ആ മാർഗത്തിലേക്ക് നിരവധി ചുവടുവയ്പ്പുകൾ നടത്തിയ വ്യക്തിയാണ് ശ്രീ എം. കുറച്ചുകാലം മുൻപ് അദ്ദേഹം നടത്തിയ ഒരു യാത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം നടത്തിയ 6,500 കി.മീറ്റർ നീണ്ടപദയാത്രയായിരുന്നു അത്. സമൂഹത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ള ഒരുമ എന്ന സന്ദേശം ഉയർത്തിയായിരുന്നു ആ യാത്രയെന്നും പിണറായി അഭിപ്രായപ്പെട്ടു.

''ഐക്യം എന്ന ആശയത്തിന് കൂടുതൽ പ്രചാരണം നൽകാനുള്ള പരിശ്രമമായിരുന്നു അത്. അതുകൊണ്ടാണ് ശ്രീ എം ഒരു ആചാരസന്ന്യാസി മാത്രമല്ലെന്ന് പറഞ്ഞത്. ശ്രീ എം ആത്മീയാചാര്യൻ എന്നതു പോലെത്തന്നെ യോഗാചാര്യൻ കൂടിയാണ്. യോഗ മനസ്സിനും ശരീരത്തിനും ഗുണകരമായ വ്യായാമക്രമമാണ് എന്ന അഭിപ്രായമാണ് ഇന്നു പൊതുവിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീ എമ്മിനെപ്പോലെയുള്ള ആചാര്യന്മാർ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് മാതൃകാപരമാണ്. യോഗയോട് ചില പ്രത്യേക മതതിന്റേത്, അല്ലെങ്കിൽ മതവിഭാഗത്തിന്റേത് മാത്രമായി ചുരുക്കാനുള്ള ശ്രമങ്ങൾ ഈ കാലത്ത് ഉണ്ടാകുന്നുണ്ട്. അവിടെയാണ് യോഗയെ മതനിരപേക്ഷമായി നിലനിർത്താൻ ശ്രമിക്കുന്ന ശ്രീ എമ്മിന്റെ പ്രസക്തി വർധിക്കുന്നത്.''

കേരളം ഈ വിധത്തിൽ അംഗീകരിച്ചിട്ടുള്ളതും ആദരിച്ചിട്ടുള്ളതുമായ ശ്രീ എമ്മിന്റെ പ്രവർത്തനങ്ങളെ രാജ്യം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നത് അങ്ങേയറ്റം സന്തോഷകരമായ കാര്യമാണ്. കേരളം വൈജ്ഞാനിക മുന്നേറ്റത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ തുടങ്ങുകയാണ്. ജാതി, മത, വർണ ചിന്തകൾക്കതീതമായി സാർവത്രികമായ വിജ്ഞാനത്തിന്റെ വിതരണവും പ്രയോഗവും അതു ലക്ഷ്യംവയ്ക്കുന്നു. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സർവജനവിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണ്. നാം വിഭാവനം ചെയ്യുന്ന വൈജ്ഞാനിക സമൂഹം ഊന്നിനിൽക്കുന്നത് പാരസ്പര്യം എന്ന അടിസ്ഥാനഘടകത്തിലാണ്. ഈ അടിത്തറ ബലപ്പെടുത്തണമെങ്കിൽ ഒരുമയോടെ, ഐക്യത്തോടെ സമൂഹം നീങ്ങേണ്ടതുണ്ട്. ആ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ശ്രീ എമ്മിനെപ്പോലെയുള്ളവർക്ക് വലിയ സംഭാവനകൾ നടത്താൻ കഴിയും. അതിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തു പകരുന്നതാകട്ടെ രാജ്യത്തിന്റെ ആദരമെന്ന് ആശംസിക്കുന്നു-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts