പാലക്കാട് ശ്രീനിവാസന്‍ വധം; കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍
|കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്
പാലക്കാട്; പാലക്കാട് ആര്‍.എസ്എ.സ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
എന്നാല്‍ പ്രധാന പ്രതികള്‍ കേരളം വിട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമാണെന്ന് ബിജെപിയും അറിയിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളെ സഹായിച്ചവരുമായിരുന്നു ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്ഫാക്ക് , അഷറഫ്, ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈന്‍ എന്നിവരെ രണ്ടു ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ ഒരാളെ ഒളിവിൽ താമസിക്കാൻ ശ്രമിച്ചതിനും, കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയുടെ ഫോൺ സൂക്ഷിച്ചതിനുമാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
അതേ സമയം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ഐ.ജി അറിയിച്ചിരുന്നു. സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.