ശ്രീനിവാസൻ വധക്കേസ്: രണ്ടുപേർ കൂടി പിടിയിൽ
|പിടിയിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
പിടിയിലായവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധങ്ങൾ കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയും പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് ഉച്ചയോടു കൂടി എ.ഡി.ജി.പി ഇന്ന് മാധ്യമങ്ങളോട് പറയും. ഏപ്രിൽ 16ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.