ശ്രീനിവാസന്റെ കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
|ജില്ലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സുബൈർ വധക്കേസിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന സംഘത്തെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എലപുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് അവസാനിക്കും.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാങ്കേതിക വിദ്യയുടെയടക്കം സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. കേസിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് കൊലയാളികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം .
സുബൈർ വധക്കേസിൽ പിടിയിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പ്രതികാരമായാണ് സുബൈറിെനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖൻ, ശരവണൻ എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഗൂഢാലോചന അടക്കമാണ് പൊലീസ് അന്വേഷണം.