Kerala
വഫയുമായി ശ്രീറാമിനുള്ള ബന്ധം കെ.എം ബഷീറിന് അറിയാമായിരുന്നു; ഹൈക്കോടതിയില്‍ സഹോദരന്‍റെ ഹരജി
Kerala

'വഫയുമായി ശ്രീറാമിനുള്ള ബന്ധം കെ.എം ബഷീറിന് അറിയാമായിരുന്നു'; ഹൈക്കോടതിയില്‍ സഹോദരന്‍റെ ഹരജി

abs
|
25 Aug 2022 1:47 PM GMT

"കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും ബഷീർ കണ്ടിരുന്നു."

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഗുരുതര ആരോപണങ്ങള്‍. കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നെന്ന് ഹർജിയിൽ ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാന്‍ ആരോപിച്ചു.

'കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബൈൽ കൈവശപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബഷീർ സമ്മതിച്ചില്ല. ഇതിന്റെ വിരോധം ശ്രീറാമിനുണ്ടായിരുന്നു'- ഹർജിയിൽ ആരോപിക്കുന്നു.

ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിതെന്ന് ഹരജിയിൽ ഉന്നയിക്കുന്നു.

2019 ആഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നരയ്ക്ക് മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചാണ് കെ.എം.ബഷീർ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നായിരുന്നു കുറ്റപത്രം. ബഷീർ മരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. പല വാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഹർജിയിൽ പറയുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറില്‍ കവടിയാര്‍ ഭാഗത്തുനിന്നും അമിതവേഗതയില്‍ കാറോടിച്ച് വരവെ, മ്യൂസിയം പബ്ലിക്ക് ഓഫിസിന്‍റെ മുന്‍വശത്ത് വെച്ച്​​ ബഷീറിന്‍റെ ബൈക്ക്​ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പൊലീസ് കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു.

മ്യൂസിയം പൊലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തുകളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്​. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts