ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കെ.എം ബഷീര്‍ കൊലപാതക കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി
|ആലപ്പുഴയില്‍ കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുന്നില്‍ ഇന്ന് ധർണ നടത്തും.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ അട്ടിമറി ലക്ഷ്യമിട്ടാകാം ശ്രീറാം വെങ്കിട്ടരാമന്റെ നിയമനമെന്ന് ആരോപണം. ആലപ്പുഴ ജില്ലയിൽ സാക്ഷികളുള്ളതിനാലാകാം ശ്രീറാമിനെ ജില്ലാ കലക്ടറാക്കിയതെന്ന് ബഷീർ ജോലിചെയ്തിരുന്ന സിറാജ് പത്രത്തിന്റെ പ്രതിനിധി സൈഫുദ്ദിൻ ഹാജി പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുന്നില്‍ ഇന്ന് ധർണ നടത്തും.
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. ശ്രീറാമിനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം നിയമസഭയില്‍ വ്യക്തമാക്കിയെങ്കിലും അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിന്നീട് നടന്നതെല്ലാം. കൊലക്കേസില്‍ പ്രതിയായ ശ്രീറാമിന്റെ സസ്പെന്ഷന് കഴിഞ്ഞതോടെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. അതിന് പിന്നാലെയാണ് മജിസ്റ്റീരിയല്‍ പദവി നല്കി ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചിരിക്കുന്നത്. ഈ നിയമനത്തിന് പിന്നില്‍ മറ്റ് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
"ജില്ലാ കലക്ടറെന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയാണ്. തീര്‍ച്ചയായും സര്‍ക്കാര്‍ പുനപ്പരിശോധിക്കും എന്നാണ് ഞങ്ങള്‍ ഈ ഘട്ടത്തിലും കരുതുന്നത്. അല്ലെങ്കില്‍ പ്രത്യക്ഷമായ സമരമുണ്ടാകും"- സൈഫുദ്ദിൻ ഹാജി പറഞ്ഞു.
ശ്രീറാമിന്റെ ഭാര്യ രേണു രാജിനെ തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് കലക്ടറായി നിയമനം നല്‍കിയതിലും ഉന്നതതല ഇടപെടല്‍ നടന്നു എന്നാണ് ആരോപണം.