'ജോലിത്തിരക്ക്'; കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും ഹാജരായില്ല
|തുടർച്ചയായി ഇത് നാലാം തവണയാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതിരിക്കുന്നത്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഇന്നും കോടതിയിൽ ഹാജരായില്ല. ജോലിസംബന്ധമായ തിരക്ക് കാരണം ഹാജരാകാൻ കഴിയില്ലെന്ന് ശ്രീറാം കോടതിയെ അറിയിച്ചു. തുടർന്ന് കേസ് അടുത്തമാസം 16-ന് പരിഗണിക്കാനായി തിരുവനനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി മാറ്റി.
തുടർച്ചയായി ഇത് നാലാം തവണയാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാതിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും സമയം നീട്ടിച്ചോദിച്ച് മാറിനിന്നിരുന്നു. ജോലിത്തിരക്ക് മൂലം മറ്റൊരു ദിവസം അനുവദിക്കണമെന്നാണ് ഇന്ന് അഭിഭാഷകൻ വഴി ശ്രീറാം കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് മാറ്റിവെച്ചെങ്കിലും ഇത്തരത്തിൽ തുടർച്ചയായി ഹാജരാകാത്തതിന് ശ്രീറാമിനെ വിമർശിക്കാൻ കോടതി മറന്നില്ല. അടുത്ത 16ന് ഹാജരായില്ലെങ്കിൽ ശ്രീറാമിനെതിരെ കോടതി നടപടിയെടുത്തേക്കും. കേസുമായി ബന്ധപ്പെട്ട് ശ്രീറാം ഒരുതരത്തിലും കോടതിയിൽ വാദം ബോധിപ്പിച്ചിട്ടില്ല. കേസിൽ ശ്രീറാം മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2019 ആഗസ്റ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തനായിരുന്ന കെ.എം ബഷീർ കൊല്ലപ്പെടുന്നത്. തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.