കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും
|മൂന്നാം തവണയാണ് പ്രതി വാദം ബോധിപ്പിക്കാന്‍ സമയം തേടിയത്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയിൽ ഹാജരായേക്കും. തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് ശ്രീറാം വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടർന്നാണ് കോടതി ഇന്ന് വരെ സമയം അനുവദിച്ചത്. മൂന്നാം തവണയാണ് പ്രതി വാദം ബോധിപ്പിക്കാന്‍ സമയം തേടിയത്. കഴിഞ്ഞ മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും കേസ് പരിഗണിച്ചപ്പോഴും പ്രതി സമയം തേടിയിരുന്നു.
കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രിംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചുവരുത്തുന്നത്. നരഹത്യാക്കുറ്റത്തിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടുന്നത്. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ,തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിനു വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി.