പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്‌നങ്ങൾ: മന്ത്രിയുടെ പ്രസ്താവന അപക്വമാണെന്ന് എസ്.എസ്.എഫ്
|മുൻ വർഷങ്ങളിൽ പ്രശ്‌നമില്ലെന്നാണ് വാദമെങ്കിൽ, കാർത്തികേയൻ നായർ കമ്മിറ്റിയെ നിശ്ചയിക്കുകയും റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ്
കോഴിക്കോട്: മലബാറിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ് കേരള കമ്മിറ്റി. വാർത്താകുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ കമ്മിറ്റി രംഗത്ത് വന്നത്. മുൻ വർഷങ്ങളിൽ പ്രശ്‌നമില്ലെന്നാണ് വാദമെങ്കിൽ, പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച പ്രശ്‌നം പഠിക്കാൻ കാർത്തികേയൻ നായർ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വടക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ലെന്നത് സർക്കാർ കണക്കുകളിൽ നിന്നു തന്നെ വ്യക്തമാണെന്നും കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകൾ വേണമെന്നുമുള്ള വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകാതെ കിടക്കുകയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഒരു ക്ലാസിൽ 65 മുതൽ 70 വരെ കുട്ടികളെ ഇരുത്തുന്നതിനുള്ള അശാസ്ത്രീയ ഉത്തരവുകൾ ഇറക്കിയാണ്, കാലാകാലങ്ങളിലുള്ള സർക്കാറുകൾ ഇതിനെ കൈകാര്യം ചെയ്യാറുള്ളതെന്നും പറഞ്ഞു. മികച്ച മാർക്ക് നേടിയിട്ടും പ്ലസ് വണിന് സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും എസ്എസ്എഫ് വിമർശിച്ചു.
സീറ്റുകളും ബാച്ചുകളും കുറവുള്ളത് വടക്കൻ കേരളത്തിലാണെന്ന വസ്തുത നിലനിൽക്കെ, അനാരോഗ്യകരമായ വടക്ക് -തെക്ക് വിലയിരുത്തലാണ് നടക്കുന്നതെന്നും കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമുള്ള മന്ത്രി ആരോപിക്കുന്നത് സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന വില കുറഞ്ഞ സമീപനമാണെന്നും വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.
SSF says Minister V Sivankutty's statement on issues related to Plus One admission is immature