Kerala
പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.എസ്.എഫ്
Kerala

പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.എസ്.എഫ്

Web Desk
|
19 Nov 2022 1:41 AM GMT

എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സംഘടനാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം: കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സംഘടനാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമിക് തലത്തിൽ സ്വാഗതാർഹമായ നിരവധി നിർദേശങ്ങൾ ഉണ്ടെങ്കിലും പാഠ്യപദ്ധതിയുടെ സാംസ്കാരിക ഉള്ളടക്കം നമ്മുടെ നാടിന്‍റെ മൂല്യവ്യവസ്ഥകളെയും, ധാർമ്മിക സദാചാര കാഴ്ചപ്പാടുകളെയും തകർക്കുന്നതാണ്. ജന്‍ഡറുമായി ബന്ധപ്പെട്ടും ലിംഗ സമത്വവുമായി ബന്ധപ്പെട്ടുമുള്ള ലിബറൽ ആധുനിക കാഴ്ചപ്പാടുകൾ അരാജക സമൂഹത്തെയായിരിക്കും സൃഷ്ടിക്കുക. പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കുന്നതിന് ജനകീയ ചർച്ചയും സംവാദവുമെല്ലാം സംഘടിപ്പിക്കുന്നുവെന്നത് ശുഭോദർക്കമാണ്. പക്ഷെ ജനങ്ങൾ ആശങ്ക അറിയിച്ച വിഷയങ്ങളിൽ പുനരാലോചനകൾ ഉണ്ടായാലാണ് ജനകീയ ചർച്ചകൾ ആത്മാർത്ഥതയോടെയാണെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന സംഘടനാ ഉച്ചകോടിയിയിൽ പതിനൊന്ന് ഡിവിഷനുകളിൽ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.

രണ്ടത്താണി കെ.കെ പുറം നുസ്റത്ത് ഹാദിയ അക്കാദമിയിൽ നടന്ന സംഘടനാ ഉച്ചക്കോടിയിൽ എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് കെ.സ്വാദിഖലി ബുഖാരി അധ്യക്ഷത വഹിച്ചു. ഇ.അബ്ദുല്ല മുസ്ലിയാർ ചെങ്ങാനി,എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എ സഈദ് സകരിയ്യ,എൻ അബ്ദുല്ല സഖാഫി, അബ്ദുൽ ഹഫീള്‍ അഹ്സനി,ജാഫർ ശാമിൽ ഇർഫാനി സംസാരിച്ചു.

Related Tags :
Similar Posts