''കൂടുതൽ എ പ്ലസ് മലപ്പുറത്ത്, കൂടുതൽ പേർ പ്ലസ് വൺ സീറ്റിനുവേണ്ടി അലയേണ്ടതും മലപ്പുറത്ത് തന്നെ''-സമസ്ത വിദ്യാർത്ഥി നേതാവ് സത്താർ പന്തല്ലൂർ
|എ പ്ലസിലുള്ള മറിമായം പുറത്തുവരണമെന്നും ഒരു തലമുറയെ ഇങ്ങനെ പരീക്ഷണവസ്തുക്കളാക്കരുതെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു
കോഴിക്കോട്: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ പ്ലസ് വൺ സീറ്റിൽ മലബാറിനോട് തുടരുന്ന അവഗണന ഉന്നയിച്ച് സമസ്ത വിദ്യാർത്ഥി സംഘടന. മലപ്പുറത്ത് സീറ്റ് ക്ഷാമമാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഫേസ്ബുക്കിലാണ് സത്താറിന്റെ പ്രതികരണം. ''എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നു, വിജയികൾക്ക് അഭിനന്ദനങ്ങൾ. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ഏറ്റവും കൂടുതൽ പേർ നാളെ മുതൽ പ്ലസ് വൺ സീറ്റുകൾക്ക് വേണ്ടി അലയേണ്ടതും മലപ്പുറത്ത് തന്നെ.'' ഫേസ്ബുക്ക് കുറിപ്പിൽ സത്താർ.
ഇതോടൊപ്പം എ പ്ലസ് കണക്കിലുണ്ടായ വലിയ തോതിലുള്ള കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 1,25,509 പേർക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചത്. ഈ വർഷം അത് 44,363 ആണ്. ഇത് സ്വാഭാവികമോ യാദൃശ്ചികമോ അല്ല. ഇതിലെ മറിമായം പുറത്തുവരണം. ഒരു തലമുറയെ ഇങ്ങനെ പരീക്ഷണവസ്തുക്കളാക്കരുതെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.
ഇന്നു വൈകീട്ട് മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.26 ആണ് ഇത്തവണ വിജയശതമാനം. 4,23,303 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്.
ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും. ഫുൾ എ പ്ലസ് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 3,024 വിദ്യാർഥികൾക്ക് മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേർക്ക് ഫുൾ എ പ്ലസുണ്ട്.
പാലായാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല. ഗൾഫ് സെന്ററുകളിൽ 571 പേർ പരീക്ഷയെഴുതിയതിൽ 561 പേരും ജയിച്ചു. നാല് ഗൾഫ് സെന്ററുകളിൽ 100 ശതമാനമാണ് വിജയം. പുനർമൂല്യനിർണയത്തിന് നാളെ മുതൽ അപേക്ഷിക്കാം. ജൂലൈയിലാണ് സേ പരീക്ഷ. തിയതി പിന്നീട് പ്രഖ്യാപിക്കും.
Summary: SKSSF state general secretary Sathar Panthaloor on SSLC 2022 results